‘’ഒരു പെരുന്നാളിന്റെ ഓര്മ്മായ്ക്ക് ‘’
പുഴയില്‍ മഴ പതുക്കെ പെയ്തിറങ്ങുകയാണ്.
കാറ്റ് മഴത്തുള്ളികളിലുടെ ചാഞ്ഞും ചെരിഞ്ഞും
കടന്നുപോവുന്നു .
പാലത്തിനുമുകളില്‍ നിന്നുള്ള ഈ കാഴ്ച കുറേനേരം
വെറുതെ നോക്കി നിന്നു.
ഏറെ നാളുകള്‍ക്കുശേഷo നാട്ടിലെ പുതിയ വിശേഷമായ ‘'വെള്ളിയാങ്കല്ല്
പാലം ‘’ കാണാന്‍ വന്നതാണ് ഞാന്‍.
പുഴ പാലത്തിന്‍റെ തടവറയിലാണ്.
ചത്ത മീനിനെപോലെ പുഴ പാലത്തിനടിയില്‍ നീണ്ടുനിവര്‍ന്നു കിടക്ക് കയാണ്.
ഉറങ്ങുന്ന പുഴയെ ഉണര്‍ത്താന്‍ ആണോ മഴ
ശ്രമിക്കുന്നത് ?
പുഴക്കും ഓര്‍മ്മകള്‍ ഉണ്ടായിരിക്കാം ഒരു
പക്ഷെ..............
കാറ്റും
മഴയും
തോണിയും തോണിക്കാരനും
സ്കൂള്‍ കുട്ടികള്‍ , കര്‍ഷകര്‍,
കൂലി പണിക്കാര്‍......
സമ്പന്നമായ ഒരു കാലത്തെ ഓര്‍മ്മിച്ചുകൊണ്ട് പുഴ
പാലത്തിനടിയില്‍ അനങ്ങാതെ കിടക്കുകയാവും.
നാട്ടില്‍ എല്ലാം പതുക്കെ മാറുകയാണ്.
പുഴ
പാടം
കുന്നുകള്‍
വഴികള്‍
വ്യക്തികള്‍ ബന്ധങ്ങള്‍........
എല്ലാം തന്നെ നിവൃത്തിയില്ലാത്തവിധം മാറി കൊണ്ടിരിക്കുന്നു.
എല്ലാം തന്നെ നിവൃത്തിയില്ലാത്തവിധം മാറി കൊണ്ടിരിക്കുന്നു.
മാറാത്ത മനസ്സുമായി പുഴയുടെ അരികിലേക്ക് ചെല്ലരുത്.
പുഴയുടെ ആ കിടപ്പ് കാണാന്‍ വയ്യ.
ഗവ: ആസ്പത്രിയിലെ ഒമ്പതാം വാര്‍ഡ് പോലെ
വേദനിപ്പിക്കുന്ന കാഴ്ച ആണത്.
എങ്കിലും മാറാതെ നില്‍ക്കുന്ന ചിലത് ഇപ്പോഴും
തൃത്താലയില്‍ ബാക്കിയുണ്ട്.
വൈകുന്നേരങ്ങളില്‍ കുടു തേടി പടിഞാരോട്ടെക്ക്
പറന്നു പോകുന്ന കാക്കള്‍....
പണി മാറ്റി പോവുന്ന സാധാരണക്കാര്‍....
പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളി...........
തൃത്താലയുടെ അന്തരിക്ഷത്തില്‍ ഇവയെല്ലാം ഇപ്പോഴുമുണ്ട്.
വിദൂരതയില്‍ നിന്ന് വരുന്ന ബാങ്ക് വിളി എപ്പോഴും
എന്‍റെ നരച്ച ഓര്‍മ്മകളെ തട്ടിയുണര്‍ത്തും. സാവധാനത്തിലും ഈണത്തിലുള്ള ആ ബാങ്ക്
വിളി കേള്‍കുബോഴെല്ലാം ഞാന്‍ എന്നെ തിരയും .......
പണ്ട്, ഉച്ചത്തെ
ബാങ്ക് വിളി ‘’പൌരത്തോടിയുടെ’’ മുകളില്‍ എത്തുന്നതും കാത്തു ഞാനും എന്‍റെ ഉപ്പാപ്പനും
കാത്തിരിക്കും...................
എല്ലാപെരുന്നാളിനും ’പൌരത്തോടിയിലെ ഉമ്മര്‍ക്കാന്റെ
വീട്ടില്‍ ‘’ഒരില’’ ചോര്‍ ഉപ്പാപ്പനുണ്ട്.
മീന്‍കറി, ഇറച്ചി കറി ,കൈപ്പക്ക കൊണ്ടുള്ള
അച്ചാര്‍, പുളിഞ്ചി,പപ്പടം....അങ്ങനെ നിരവധി
വിഭവങ്ങള്‍ അപ്പുപ്പനെയും കാത്തു അടുക്കള വാതലില്‍ തയ്യാറായിരിക്കും.
അന്ന് ഉപ്പാപ്പനെക്കള്‍ എനിക്കായിരുന്നു അവിടെ
എത്താന്‍ തിടുക്കം.
അടുക്കളവാതിലിന്റെ
ഇറയത്ത് ചെറിയ ഒരു പലകയിന്മേല്‍ ഉപ്പാപ്പന്‍ ഇരിക്കും,തൊട്ടരികില്‍ ഞാനും വെറും
നിലത്ത്.
ഒരേ
ഇലയില്‍നിന്നു ഞങ്ങള്‍ ചോറ് തിന്നുന്നത് കൌതുകത്തോടെ വാതില്‍ പാതിചാരി നിന്ന് പാത്തുമ്മ നോക്കിനില്‍ക്കും. ഉപ്പാപ്പന്‍ ഒരു ഉരുള പതുക്കെ വരുമ്പോഴേക്കും ഞാന്‍ രണ്ടു
ഉരുളകള്‍ വാരിതിന്നിരിക്കും .പാത്തുമ്മ വാ പൊത്തി ചിരിച്ചിരിക്കാം.
ഇതിനെല്ലാം സാക്ഷിയായ് അപ്പോള്‍ മഴ പെയ്തു കൊണ്ടിരിക്കും...
പെരുന്നാളിലെ മഴ.
അടുക്കള വാതലില്‍ നടകുന്നതെല്ലാം അറിഞ്ഞുകൊണ്ട്
ഉമ്മര്‍ക്ക പൂമുഖത്തുണ്ടാവും. ബഷീറും റഷീദും പുത്തന്‍ ഉടുപ്പിട്ട്
പുറത്തെവിടെയോ സര്‍ക്കിട്ടിനു പോയിരിക്കും
.പെങ്ങള്‍ കുട്ടി അകത്ത് എവിടെയെങ്കിലും കാണും........
വീണ്ടും ഒരു പെരുന്നാള്‍ എത്തുകയാണ്.
ഉപ്പാപ്പന്‍ എന്നോ പോയി.
’പൌരത്തോടിയുടെ’ പൂമുഖത്ത് ഞങ്ങളുടെ ആ ഉമ്മര്‍ക്കയും ഇന്നില്ല.
പട്ടാമ്പിയില്‍ വെച്ച്
...................................................................................................
ഇപ്പോള്‍ ഞാന്‍ നാട്ടിലുണ്ട് .എന്നിട്ടും പാത്തുമ്മയെ
കാണാന്‍ പോയില്ല.
ആ കണ്ണിലെ നനവ് കാണാനുള്ള കരുത്ത് എനിക്കില്ല..
മഴ കന്നക്കുകയാണ് .കാറ്റും.
’പൌരത്തോടിയിലെ എല്ലാവര്‍ക്കും
പരമ
കാരുണ്യവാനായ അല്ലാഹു നന്മ വരുത്തട്ടെ.
പുഴയോടും പാലത്തിനോടും തല്‍കാലം വിട
ചോദിക്കുന്നു...............
വീണ്ടും വരാം..........