Wednesday, October 03, 2007

വലിഞ്ഞു കേറിവന്ന
ഒരു പട്ടി.
വെളുത്ത്‌ നീണ്ടുമെലിഞ്ഞ,ആ പട്ടി വിദ്യാലയത്തിന്റെ കോമ്പൗണ്ടില്‍ വന്നിട്ട്‌ ഏതാണ്ട്‌ ഒരു മാസമായി.
കുട്ടികളെയും അധ്യാപികരെയും കാണുമ്പോഴെക്കും അത്‌ അതിന്റെ വാല്‍ വടിപ്പോലെ വായുവില്‍ ഉയര്‍ത്തിപ്പിടിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കാന്‍ തുടങ്ങും.
മുന്‍ ജന്മത്തില്‍ പഠിക്കാന്‍ കഴിയാതെപോയ ഏതോ ആത്മാവാണ്‌ ആ പട്ടിയെന്നാണ്‌ ശ്രീധരന്‍ മാഷിന്റെ അഭിപ്രായം.
രാജന്‍ മാസ്റ്റര്‍ ആ അഭിപ്രായതോട്‌ യോജിക്കുക മാത്രമല്ല-സ്വര്‍ഗ്ഗ കവാടംവരെ ധര്‍മ്മപുത്രരെ അനുഗമിച നായയുടെ പിന്‍ തലമുറക്കരാന്നാവുമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
തികഞ്ഞ ഇടതുപക്ഷ സഹയാത്രികനായ സഹദേവനാകട്ടെ പട്ടിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം പ്രാകൃത കമ്മ്യുണിസം മുതല്‍ ആധുനിക സമൂഹംവരെ പാര്‍ട്ടിക്ലാസ്സുപ്പോലെ മധുരമായി അവതരിപ്പിചു.
ഗോപി മാഷവട്ടെ,തന്റെ മുന്നിലെ നോട്ടുപുസ്തത്തില്‍ അലസമായി ടിക്ക്‌ മാര്‍ക്ക്‌ ചെയ്തു കൊണ്ടിരിന്നു.
അല്ലെങ്കിലും ,അഭിപ്രായം പറയുകയെന്നാല്‍ ഉത്തരവാദിത്വമാണെന്ന് അയാള്‍ക്കറിയാം.
എല്ലാത്തിനോടും തന്റെ സ്വതസിദമായ ശൈലിയില്‍ ഒന്നു ചിരിചു.അത്ര മത്രം.
ഞാനോ ?
ക്ഷമിക്കണം. ഞാന്‍ പുരോഗമന ചിന്തഗതിക്കരനൊക്കെയാണ്‌-എങ്കിലും- പുലാമന്തോള്‍ നബൂതിരി ജപിചു തന്ന ചരട്‌ അരയില്‍ ഭദ്രമായി കെട്ടിയിട്ടുണ്ട്‌.ആരും കണുകയില്ലല്ലോ,പ്രതേകിച്‌ സഹദേവന്‍.
സ്റ്റാഫ്‌ റൂമില്‍ പട്ടിയെച്ചൊല്ലി സംവാദം നടക്കാന്‍ പോവുന്നു എന്നു മനസ്സിലാക്കിയ ഞാന്‍ വളരെ തന്ത്രപൂര്‍വം അവിടെ നിന്ന് പോയി.
സ്റ്റാഫ്‌ റൂമില്‍ നിന്ന് ഞാന്‍ പത്ത്‌ ബി ലക്ഷ്യമാക്കി വരാന്തയിലൂടെ നടന്നു.
വരാന്തയുടെ നടുക്ക്‌ ചുമരിനോട്‌ ചാരി ആ പട്ടി കിടന്നിരുന്നത്‌ ഞാന്‍ ശ്രദ്ധിചില്ല.
പതുക്കെ അത്‌ തലയുയര്‍ത്തി എന്നെ ഒന്ന് നോക്കി-പിന്നെ ചെറുതായി ഒന്ന് മുരണ്ടു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള്‌ അനിഷേധ്യമായ ബന്ധത്തെക്കുറിച്ച്‌ മനോഹരമായ ഒരു ക്ലാസ്സാണ്‌ ഞാന്‍ എടുത്തത്‌.കുട്ടികളെല്ലാം നിര്‍നിമേഷരായി ഇരുന്നു.
കാരണം ഞാന്‍ ഉദാഹരണമായി ഉയര്‍ത്തിക്കാണിച്ചത്‌ എവിടെ നിന്നോ വലിഞ്ഞു കയറിവന്ന ആ പട്ടിയെയായിരുന്നു.
നമ്മുക്ക്‌ ചുറ്റുമുള്ളതിനെയും,നാം നിത്യവും ബന്ധപ്പെടുന്നതിനെയുമൊക്കെപ്പറ്റി പറഞ്ഞപ്പോള്‍ കുട്ടികള്‍ നിശബ്ദരായി ഇരുന്നതിന്റെ കൗതുകം ഇപ്പോഴും മനസ്സില്‍ നിന്ന് മാറിയിട്ടില്ല.
"അച്ചടക്കമില്ലാത്ത തെണ്ടിപ്പരിഷകള്‍"-ഒരിക്കല്‍ ഞാന്‍ തന്നെ മനസ്സുകൊണ്ട്‌ പ്രാകിയതാണ്‌ .
പട്ടിയും കുട്ടിക്കളും- സ്കൂളിലെ പുതിയ വിശേഷങ്ങള്‍ ഭാര്യയോട്‌ വിശദമായി പറഞ്ഞു.
ഭാര്യ : "കണ്ട ചൊക്ലിപ്പട്ടികളുടെ പുറകെ നടന്നോ-അങ്ങെതിലെ സുബൈദറെയും ,ആ ക്യാപ്റ്റന്‍ നായരെയും കണ്ട്‌ പഠിക്കാന്‍ നോക്ക്‌'-
ഞാന്‍ കാര്യമായി തന്നെ നോക്കി.
സുബൈദറിന്റെ വീട്ടില്‍ അല്‍സെഷന്‍,ക്യാപ്റ്റന്‍ നായരുടെ വീട്ടില്‍ പൊമെറിനിയനാണ്‌ അതിഥികളെ സ്വീകരിക്കുന്നതും അവര്‍ക്കുള്ള കസേരകളില്‍ ഉപവിഷ്ടരാവുന്നതും.
ഇതാണോ ഞാന്‍ കണ്ട്‌ പഠിക്കേണ്ടത്‌?.-
പഠിപ്പ്പ്പിക്കേണ്ടത്‌ ?
സ്വസ്തമായ കുടുംബജീവിതത്തില്‍ അച്ചടക്കത്തിനും മൗനത്തിനും കാര്യമായ പങ്കുണ്ടെന്ന് ആരോഗ്യമാസികയില്‍ വായിച്ചത്‌ ഓര്‍മ്മ വന്നു.
"നമ്മുടെ അന്തസ്സിന്‌ ചേര്‍ന്ന ഒരു പട്ടിയെ അടുത്ത ഡോഗ്‌ ഷോയില്‍ നിന്ന് എത്രയും പെട്ടെന്നു തന്നെ വാങ്ങണം"- പതുക്കെ ചിരിചു കൊണ്ടവള്‍ കിടപ്പുമുറിയിലേക്ക്‌ പോയി.
ക്ഷമിക്കുക-സ്കൂളിലെ പട്ടിയെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇതുവരെ പുറത്ത്‌ വിട്ടിട്ടില്ല.
കാര്യങ്ങളെല്ലാം തന്നെ കുഴഞ്ഞ്‌ മറിഞ്ഞത്‌ മഴക്കാലം വന്നാതോടെയാണ്‌.
കുട്ടികള്‍ക്ക്‌ രസതന്ത്രതിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന രമടീച്ചര്‍ എഴ്‌ സിയില്‍ നിന്ന് അലറി കരഞ്ഞുകൊണ്ട്‌ ഹെഡ്‌ മാസ്റ്ററുടെ മുറിയിലെക്കോടി.
സ്കൂള്‍ മുഴുവനും ഹെഡ്‌ മാസ്റ്ററുടെ മുറിക്കുമുന്നില്‍ തടിചുനിന്നു.
ശ്രീധരന്‍ മാസ്റ്റര്‍ എഴ്‌ സീയിലെ കുട്ടികളോട്‌ കാര്യങ്ങള്‍ തിരക്കി.
കുട്ടികള്‍ തത്തപറയുന്ന പോലെ പറഞ്ഞു.
"മഴപെയ്തപ്പോള്‍ ആ പട്ടി ക്ലാസ്സിലെക്കോടി കയറി,ന്നിട്ട്‌ ടീച്ചറുടെ മടിയിലേക്ക്‌ ചാടിക്കയറി".
ശ്രീധരന്‍ മാഷിന്റെ മുഖം ചുവന്നു.
ഗോപി മാഷ്‌ കയ്യിലെ ചൂരലില്‍ പിടിമുറുക്കി.
"എറിഞ്ഞ്‌ കൊല്ലടാ ആ പട്ടിയെ"-രാജന്‍ മാഷ്‌ കലിത്തുള്ളി.
"എറിഞ്ഞ്‌ ഓടിക്ക്‌ മക്കളെ ആ ജന്തുവിനെ"-കൂട്ടത്തില്‍ ഞാനും.
(പട്ടിയെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍പ്പോലും അറിയാതെ പുറത്ത്‌ ചാടി)കല്ലും വടികളുമായി കുട്ടികളും അധ്യാപകരും പട്ടിക്കുപിറകെ ഒാടി.
ഏറ്‌ കൊള്ളുമ്പോള്‍ അതിന്റെ കരച്ചില്‍ സ്കൂളിന്റെ മതില്‍ക്കെട്ടും കടന്ന് അനന്തവീചിയിലേക്ക്‌ തരംഗങ്ങളായി പോയികൊണ്ടിരുന്നു.
പട്ടി ജീവനും കൊണ്ട്‌ ഞങ്ങള്‍ക്കിടയില്‍ നിന്ന് എങ്ങോട്ടോ ഓടിമറഞ്ഞു.
കുട്ടികള്‍ തികഞ്ഞ സംതൃപ്തിയോടെ ക്ലാസ്സ്‌ മുറികളിലേക്ക്‌ മടങ്ങി.
രമ ടിച്ചറുടെ മുന്നില്‍ വീരന്മാരായ്‌ ഞങ്ങളും ചെന്നു നിന്നു.
രമടീച്ചറുടെ കരച്ചിലിനെപ്പറ്റിയും,പട്ടിവേട്ടയെപ്പറ്റിയുമെല്ലാം എന്റെ ശ്രീമതിയോട്‌ പറയാമെന്ന് കരുതി ചെല്ലുമ്പോള്‍ പൂമുഖപ്പടിയില്‍ സ്നേഹം തുളുംബി കൊണ്ട്‌ വളരെ നേരത്തെമുതല്‍ അവള്‍ കാത്തുനില്‍ക്കുകയായിരുന്നു.
"വേഗം ചായകുടിച്ചാട്ടെ-എല്‍സി വിളിച്ചിരുന്നു.ടൗണ്‍ ഹാളില്‍ അവരുടെ ക്ലബിന്റെ വാര്‍ഷികമായി ഡോഗ്‌ ഷോ ഉണ്ടെത്രെ"
ചായ കുടിച്ചോ-
ഓര്‍മ്മയില്ല.
കാറില്‍ അവളോടോപ്പം യാത്ര ചെയ്യുമ്പോഴും മനസ്സ്‌ മുഴുവനും ആകാശത്തേക്ക്‌ വാല്‍ വടിപ്പോലെ ഉയര്‍ത്തിപ്പിടിച്ച്‌,അത്‌ വായുവില്‍ ചലിപ്പിച്ചുകൊണ്ട്‌ കുട്ടികളുടെയും അധ്യാപകരുടെയും പിറകെ വന്നിരുന്ന-
എവിടെനിന്നോ വലിഞ്ഞുകയറി വന്ന ആ പട്ടി മാത്രമായിരുന്നു.