‘’പറയിപെറ്റ
പന്തിരുകുലം’’പോലെ മലയാളക്കരയെ ഇത്രമേല്‍
സ്വധിനിച്ച മറ്റൊരു കഥ വേറെയില്ല – ഉച്ചനീച്ചത്വത്തിന്റെ പൊള്ളുന്ന ചൂടില്‍
,സാധാരണ മനുഷ്യന്‍ കണ്ട പകല്‍ കിനാവോ – സ്വപ്നമോ എന്ന് തീര്‍ത്തു പറയാനാവില്ല ഈ
ഐതീഹ്യത്തെ.
ഐതീഹ്യങ്ങള്‍ പലപ്പോഴും സമൂഹത്തിന്റെ സ്വപ്നമായിട്ടാണ് പൊതുവെ
ഗണിക്കപ്പെടുന്നത്.എന്തായാലും ഈ കഥ മലയാളികളുടെ സ്വന്തമാണ്. സ്വത്താണ് . ഈ
കഥ മലയാളി എന്നും നെഞ്ചോടു ചേര്‍ത്തു
പിടിക്കാന്‍ ആഗ്രഹിക്കുന്നു . മലയാളികളുടെ ലോക വീക്ഷണ സങ്കല്പം തന്നെയാണ് ഈ കഥ
പ്രതിഫലിപ്പിക്കുന്നത്. ഒരു പക്ഷെ അത് കൊണ്ടാവും മലയാളി ലോകത്തിന്റെ ഏതു കോണിലും
ചെന്ന് ജീവിക്കുന്നത് .ഏതു നാടും സ്വന്തം നാടാവുന്നതും .
കേരളത്തില്‍ ഒരു
നമ്പൂതിരിക്ക് ഒരു പറയനായ അനുജനോ ? ഒരു പറയ സ്ത്രി മഹാ ബ്രാഹ്മണന് ജന്മം നല്‍കുകയോ
? എല്ലാം തന്നെ സാമാന്യ യുക്തിക്ക് അപ്പുറമാണ് . സ്വപ്നങ്ങള്‍ക്ക് യുക്തി
പ്രസക്തമല്ല. സ്വപ്നമില്ലാതെ ഒരു ജനതക്ക് ജീവിക്കാന്‍ കഴിയുകയില്ല . കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന ‘’പാക്കനാര്‍ തോറ്റം ‘’ ആ വലിയ സ്വപ്നത്തിന്റെ വാമൊഴി ചരിതമാണ് .
തൃത്താലയുടെ
ഹൃദയത്തില്‍ ,നിളാനദി ക്കരയില്‍ അവര്‍ ഒന്ന് ചേരുന്നു - മാനവ സഹോദര്യത്തിന്റെ
മഹത്തായ ഗാഥ പാടുവാന്‍ . ഇന്നും ‘’ ഇവിടെ സത്യമെന്നത് മനുഷ്യന്‍ ‘ തന്നെയാണ്’’
എന്ന് തൃത്താലയും മേഴത്തുരും ലോകത്തോട് വിനയപൂര്‍വ്വം
അറിയിക്കുന്നു . ആ വിളംബരത്തിന്റെ പ്രാക് രൂപമാണ് പാക്കനാര്‍ തോറ്റം അഥവാ
പറയിപെറ്റ പന്തിരുകുലം .
നിളാനദി മലയാളിക്ക് നല്‍കിയ
അനവധി പുണ്യങ്ങളില്‍ ഒന്നാണ് ‘’പറയിപെറ്റ പന്തിരുകുലം ‘’. നിളാനദി കഥ പറഞ്ഞു
ഒഴുകിയിരുന്ന ഒരു കാലത്തിനെ സ്മരിച്ചുകൊണ്ട് ഞാന്‍ ആ കഥ ഒരിക്കല്‍ കൂടി അനാവരണം
ചെയ്യാന്‍ ശ്രമിക്കുകയാണ് :
രാമായണം എന്ന പുരാണ
ഇതിഹാസത്തെ അവലംബിച്ച് കൊണ്ടാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ ഇതള്‍
വിരിയുന്നത് .
വിക്രമാദിത്യ മഹാരാജാവിന്റെ
പണ്ഡിത സദസ്സിലെ ഒരു പണ്ഡിതനായിരുന്നു വരരുചി . ജ്യോതിശാസ്ത്ര നിപുണനും , വര്‍ത്തികം
എന്നാ ശാസ്ത്ര വിഭാഗത്തിന്‍റെ ഉപജ്ഞാതാവ് ആയിരുന്നു അദേഹം . പക്ഷെ രാമായണത്തിലെ
പ്രധാന ശ്ലോകം ഏതെന്ന ചോദ്യത്തിന് മുന്നില്‍ പതറി . തൊണ്ണൂറു ദിവസത്തിനുള്ളില്‍
ഉത്തരം കിട്ടിയിലെങ്കില്‍ ,അപമാനം
മാത്രമല്ല കൊട്ടാര സദസ്സിലെ സ്ഥാനമാനങ്ങളും നഷ്ടപ്പെടുമെന്നായി .
വരരുചി ഉത്തരം തേടി നാട് നീളെ അലഞ്ഞു . ഒടുവില്‍ ദക്ഷിണ ദേശത്തു
വന്നു . നടന്നു തളര്‍ന്ന വരരുചി ഒരാല്‍ മരത്തിന്‍റെ തണലില്‍ അല്‍പസമയം
വിശ്രമത്തിനായി കിടന്നു . ആല്‍ മരത്തിനുമുകളില്‍ വസിച്ചിരുന്ന കാല നേമ പക്ഷികളില്‍നിന്നു
വരരുചിക്ക് അദേഹത്തെ അലട്ടിയ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചു .
‘’രാമം ദശരഥം
മാം വിദ്ധി ജനകാല്‍മജം
യോധ്യമാടവി വിദ്ധിം ഗച്ചാ
താഥ യഥാ സുഖം ‘’
രാമനോടൊപ്പം വനവാസത്തിനിറങ്ങുന്ന ലക്ഷ്മണനോട് മാതാവായ
സുമിത്ര പറയുന്ന വാക്കാണിത് .
ഉത്തരത്തിനോടൊപ്പം പക്ഷെ
മറ്റൊരു ആപത്തു കൂടി വരരുചി തിരിച്ചറിഞ്ഞു .
‘’ഇന്ന് ഈ ദേശത്തു ആ പറയ കുടിലില്‍ ജനിച്ച കുട്ടി ഈ പണ്ഡിതന്റെ
ഭാര്യയാവും “”
താന്‍ അന്യോഷിച്ച ഉത്തരം
കിട്ടിയ സന്തോഷം ഒരു വശത്ത് - ഒരു പറയ
പെണ്‍കിടാവിനെ വധുവായി സ്വികരിക്കേണ്ടി വരിക എന്നാ ദുര്‍വിധി മറ്റൊരു വശത്ത് .
വരരുചി ത്രുസങ്കു സ്വര്‍ഗ്ഗത്തിലായി. പരിഹാരം തന്റെ മനസ്സില്‍ തെളിഞ്ഞു . വരരുചി
വേഗം തന്നെ കൊട്ടാരത്തിലേക്ക് നടന്നു .
രാജസദസ്സിലെ പദവി
വീണ്ടെടുത്തു .ഒപ്പം ദക്ഷിണ ദേശത്തെ പറയ പെണ്‍കിടാവിനെ വകവരുത്താനുള്ള രാജകല്പനയും
.
ഒടുവില്‍ രാജകിങ്കരന്മാരുടെ
‘’ദയയില്‍ ‘’ , തലയില്‍ തീപന്തവുംമായി ,
പുഴയിലൂടെ ആ പെണ്‍കുട്ടി ഒഴുകി ഒഴുകി പോയി . ‘’നദിപെറ്റ മനയില്‍ ‘’ എത്തുന്നവരെ ആ
യാത്ര തുടര്‍ന്നു.
നദിപെറ്റ മനയില്‍
,പൂത്തുലഞ്ഞ കണികൊന്ന പോലെ ആ പെണ്‍കുട്ടി വളര്‍ന്നു നിന്നു.
കാലം പകിടയെരിയുന്നത്
എങ്ങനെയാകുമെന്നു ആര്‍ക്കുംതന്നെ പറയാനികില്ലല്ലോ .
അനേകം വര്‍ഷങ്ങള്‍ക്കുശേഷം
ഒരിക്കല്‍ക്കൂടി ദക്ഷിണദേശത്തിലേക്കു ഒരു
പണ്ഡിത സദസ്സിനെ അഭിസംബോധന ചെയ്യാന്‍ വരരുചിക്ക് വരേണ്ടിവന്നു.
തിരിച്ചു പോകുന്ന വഴിയില്‍
ഒരാല്‍ മരത്തിന്‍റെ ചുവട്ടില്‍ വിശ്രമിക്കുന്ന വരരുച്ചിയെ നദിപെറ്റ മനയിലെ
നമ്പൂതിരി കാണാന്‍ ഇടവന്നു . മനയിലേക്ക് ഭക്ഷണത്തിനു ക്ഷണിച്ചു . വരണമെങ്കില്‍ തന്‍റെ
ചില ചിട്ടകള്‍ ,ആതിഥ്യയന്‍ പാലിക്കണമെന്ന വ്യവസ്ഥ കേട്ട് പാവം നമ്പൂതിരി വിഷാദനായി
മനയിലേക്ക് മടങ്ങി.
അത്താഴം കഴിക്കാന്‍ മടികാണിച്ച പിതാവിന്റെ സങ്കടങ്ങള്‍ ,മകള്‍
മനസ്സിലാക്കി :
‘’കുളിക്കാന്‍ ,എണ്ണ,താളി ,കടവ്
....
ഉടുക്കാന്‍ വീരാളിപ്പട്ട്
,വടി ,കുട...
ആയിരം കറികള്‍
ക്കൂട്ടി ഊണ്.
ഊണിനുശേഷം നാലുപേരെ
തിന്നണം..
നാലാള്‍ ചുമക്കണം
..................’’
എല്ലാം തയ്യാറാക്കി മകള്‍
അച്ഛനോട് വരരുചിയെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞു.
വരരുചി വന്നു .കണ്ടു.
ബുദ്ധിമതിയായ മകളെ വിവാഹ അഭ്യര്‍ത്ഥന ചെയ്തു . വിവാഹവും നടന്നു . മധുവിധുനാളുകളില്‍
എപ്പോഴോ തന്‍റെ കഥ പെണ്‍കുട്ടി വരരുചിയോടു പറയുന്നു :
‘’വിധി വിഹിതം ലംഘിച്ചിടുമോ
ഏവനും വരം ലഭിച്ചെന്നാകിലും ‘’ എന്ന് മനസ്സിലാക്കി ദേശാടനത്തിനു ഒരുങ്ങി . ഈ
ദേശാടനക്കാലത്താണ് ഇവര്‍ക്ക് പന്ത്രണ്ടു മക്കള്‍ ജനിച്ചത് .......അവര്‍
ഇപ്രകാരമാവുന്നു :
‘’മേഴത്തോള്‍ അഗ്നിഹോത്രി ,
രാജകനുള്ളിയനൂര്‍ തച്ചനും
പിന്നെ വള്ളോന്‍
,വായില്ല്യക്കുന്നിലപ്പന്‍ ,
വടുതല മരുവും നായര്‍
,കാരക്കല്‍ മാതാ –
ചെമ്മേ കേളുപ്പുക്കൂറ്റന്‍
പെരിയ തിരുവരങ്ങത്തെഴും
പാണനാരും ,
നേരെ നാരായണത്തു ഭ്രാന്തനും
മുടനകവൂര്‍ ചാത്തനും പാക്കനാരും..............................’’
പന്തിരുകുലത്തിലെ പാക്കനാരെ
ക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത് .കാരണം അദേഹം ഞങ്ങളുടെ പൂര്‍വ പിതാമഹനാവുന്നു .
പാക്കനാരിലേക്ക്
..........................................................
‘’പാക്കനാര്‍ ‘’ എന്ന
പേരിന്‍റെ ഉത്ഭവം :
സംസ്കരിച്ച ,ശുദ്ധിയുള്ള
പേരുകള്‍ താഴ്ന്ന കുലത്തിലുള്ളവര്‍ ഇടാന്‍ പാടില്ലാത്ത കാലത്തിന്റെ കഥയാണല്ലോ
,അങ്ങനെ ചിന്തിക്കുമ്പോള്‍ ‘’ഭാസ്കരന്‍ ‘’ എന്ന പേര് ലോഭിച്ച് ‘’പാക്കന്‍’’
എന്നായി മാറിയതാവാം . തേജ്വസി യായ ,കര്‍മ്മ യോഗിയായിരുന്നു പാക്കനാര്‍ എന്നതില്‍
തര്‍ക്കമില്ല. പാക്കനാര്‍ ഒരേ സമയം ധര്‍മ്മസൂര്യനും
കര്‍മ്മ ചന്ദ്രനുമായിരുന്നു .
പാക്കന്‍ ആര്‍ ? സാധാരണ മനുഷ്യനോ – അതോ ദൈവമോ , ദൈവത്തിന്റെ അംശ അവതാരമോ എന്ന
സമൂഹത്തിന്‍റെ ആകാംഷ നിറഞ്ഞ അത്ഭുതത്തില്‍
അവര്‍ പറഞ്ഞ വാക്കായിരിക്കും പാക്കനാര്‍ എന്നത് .
പാക്കനാരുടെ വീട് :
ജീവിതത്തെ ലളിതവല്‍ക്കരിക്കാനും
അത് വഴി മഹത്ത്വത്തിലേക്ക് നടന്നു നീങ്ങുകയാണ് പാക്കനാര്‍ ശ്രമിച്ചത് . ‘’ചിറകു
ക്കെട്ടി പെരിയ വാഴ്വു വാഴ്ക ‘’ എന്ന ചൊല്ലിനെ അന്വ്യോര്‍ത്തമാക്കും വിധമാണ് പാക്കനാര്‍ വീട് വെച്ചത് - എല്ലാത്തിനും കൂടി ഒറ്റ മുറി .അതില്‍ ഒതുങ്ങി
ജീവിതം .അവിടം സ്വര്‍ഗമാക്കി . പാക്കനാരുടെ വീടിനെ ക്കുറിച്ചു ഇങ്ങനെ പറഞ്ഞു കേള്‍ക്കുന്നു
:
‘’കുത്തുമ്പോള്‍ വെക്കില്ല
വെക്കുമ്പോള്‍ ഉണ്ണില്ല
ഉണ്ണുമ്പോള്‍ ഉറങ്ങില്ല
‘’.....................................
വലിയ വീടോ പദവികളോ അല്ല
സത്യത്തില്‍ ഒരാളെ മഹാനക്കുന്നത് .മഹത്തായ കര്‍മ്മങ്ങള്‍ തന്നെ യാണ് ഒരാളെ
വലിയവനാക്കുന്നത് .അത് നിശബ്ദമായി പഠിപ്പിക്കുകയായിരുന്നു പാക്കനാര്‍ .
എല്ലാ സഹോദരന്മാരും ഓരോ
ദേശങ്ങളില്‍ ആയപ്പോള്‍ ,പാക്കനാരെ മാത്രം മേഴത്തോള്‍ അഗ്നിഹോത്രി ,തന്‍റെ അരികില്‍
നിര്‍ത്തി. പാക്കനാരുടെ കൊട്ടും പാട്ടും ,കാല്‍ ചിലമ്പിന്റെ ശബ്ദവും എന്നും കേള്‍ക്കണമെന്ന്
അദേഹം ആഗ്രഹിച്ചതിന്‍ പ്രകാരം ,അഗ്നിഹോത്രി തന്‍റെ ഇല്ലത്തിനു കിഴക്ക് ഭാഗത്ത്
അരമുഴം ഭൂമി പാക്കനാര്‍ക്ക് ഇഷ്ടദാനം ചെയ്തു . ആ സ്ഥലമാണ് ഇപ്പോള്‍ ഈരാറ്റിങ്കല്‍
എന്നറിയപ്പെടുന്ന സ്ഥലം . ഈരാര്‍ എന്നും പേരാര്‍ എന്നും പേരായ രണ്ടു നദികള്‍
ഇതുവഴി ഒഴുകിയിരുന്നു .അതില്‍ ഈരാര്‍ ഒഴുകിയ സ്ഥലം ആണ് ഈരാറ്റിങ്കല്‍. പേരാര്‍ എന്നത് ഭാരതപുഴയുടെ പഴയ പ്പേരും . ഈരാര്‍
കാലക്രമത്തില്‍ നാമാവശേഷമായി .
പാക്കനാരുടെ വേഷം
മരിച്ചു മണ്മറയുന്ന
കാരണവന്മാരുടെ രൂപം മരപ്രതിമയില്‍ കൊത്തിവേച്ച് ,തറവാടിന്റെ പടിഞ്ഞാറ്റിയില്‍
വെക്കുന്ന സമ്പ്രദായം പുരാതനമായ കാലം മുതല്‍ ഈരാറ്റിങ്കല്‍ തറവാട്ടില്‍ ഉണ്ട് .
അവിടെ കൊത്തിവെച്ച മരപ്രതിമകളില്‍ നിന്ന് ഊഹിച്ചെടുക്കാം പാക്കനാരുടെ വേഷം – അതിന്‍
ഇപ്രകാരമായിരിക്കും :
കാതില്‍ കടുക്കനിട്ടു ,കഴുത്തില്‍
രുദ്രാക്ഷമാല അണിഞ്ഞു , കുടുമവെച്ചു,തോളില്‍ ഉത്തരീയം ,വടി ,കൈയില്‍ വള - ഇവയെല്ലാം ധരിച്ചു നടന്നിരിക്കണം പാക്കനാര്‍
.പാക്കനാര്‍ തന്‍റെ കുടുമ കൊണ്ടു പാബിന്‍ വിഷം ഇറക്കിയ ഒരു കഥയുണ്ട് .
പാക്കനാര്‍ക്ക് അമ്മയുടെ
മുഖവും ,അഗ്നിഹോത്രിക്ക് അച്ഛന്‍റെ മുഖവുമായിരുന്നു എന്ന് വി.ടി.ഭട്ടതിരിപ്പാട് തന്‍റെ ‘’കണ്ണിരും
കിനാവും ‘’ എന്ന ആത്മകഥയില്‍ അനുമാനിക്കുന്നു .
പാക്കനാരുടെ ധ്യാനം –
തപസ്സു .
ജ്ഞാന അന്യോഷകനായ
താപസ്സനായിരുന്നു പാക്കനാര്‍ . മോക്ഷത്തിന്‍റെ മാര്‍ഗം ജ്ഞാനവും കര്‍മ്മവും തന്നെ
എന്ന് അദ്ദേഹത്തിനു നല്ല നിശ്ചയമുണ്ടായിരുന്നു. തന്‍റെ മരണം വരെ ജ്ഞാന തൃഷ്ണ
അദേഹത്തിനുണ്ടായിരുന്നു .
മലപ്പുറം ജില്ലയിലെ ,തിരൂര്‍
പുഴയുടെ അടുത്തു ,കുരുംബത്തൂരില്‍ പാക്കനാര്‍ തപസ്സനുഷ്ടിച്ചിരുന്ന സ്ഥലമുണ്ട്
.നാട്ടുക്കാര്‍ ‘’പാക്കച്ചിറ’’ എന്നാണ് ആ സ്ഥലത്തെ വിളിക്കുന്നത് .
(പുഴയുടെ
നാട്ടറിവ്/ശിവശങ്കര മേനോന്‍ -ഡി.സി.ബുക്സ് കോട്ടയം ).
പാക്കനാരുടെ ജീവിത
നിഷ്ടയിലേക്കും ജീവിതച്ചര്യയിലെക്കും വെളിച്ചം വീശുന്ന വിവരമാണിത് .
പാക്കനാരുടെ കര്‍മ്മം അഥവാ
ദാനം :
മുള വെട്ടി
കൊണ്ടുവന്ന് മുറം ,കൊട്ട ,പനമ്പ് ,വിശറി
,തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍ ഉണ്ടാക്കിയാണ് പാക്കനാര്‍ ഉപജീവനം ചെയ്തു പോന്നത്
.
തന്‍റെ കഴിവുകള്‍
മറ്റുള്ളവര്‍ക്ക് ഉപകാരമാവുന്ന രീതിയില്‍ വേണം ഒരാല്‍ ജീവിക്കാന്‍ .സഹജീവിസ്നേഹമാണ്
മനുഷ്യത്ത്വത്തിന്റെ ആധാരം. ത്യാഗമാണ് പ്രകൃതി നല്‍കുന്ന വലിയ പാഠവും .
താഴ്ന്ന കുലത്തില്‍ പിറന്ന
പാക്കനാരുടെ കൈയില്‍ നിന്ന് ആഡ്യന്മാര്‍ ദാനം സ്വികരിക്കുകയില്ല .അതിനു പാക്കനാര്‍
കണ്ടു പിടിച്ച ഉപായമായിരുന്നു ‘’പത്തു മുറം കൊടുത്തു എന്‍റെ ഒമ്പത് മുറം തിരികെ
തരൂ ‘’ എന്ന് പറഞ്ഞത് . ഒടുവില്‍ തനിക്ക് അന്നത്തെ അന്നത്തിനുള്ള മുറത്തിന്റെ വില
മാത്രം നേടികൊണ്ട് അദേഹം ജീവിച്ചു . തന്‍റെ അറിവും കഴിവും മറ്റുള്ളവര്‍ക്ക് കൂടി
ഉപയോഗപ്രദമാക്കുകയായിരുന്നു പാക്കനാര്‍ . ഒരു വ്യക്തി യുടെ അറിവും കഴിവും
മറ്റുള്ളവര്‍ക്ക് കൂടി ഉപയോഗപ്രദ മാവുമ്പോള്‍ മാത്രമേ ഒരാളുടെ ജന്മം
ധന്യമാവുന്നുള്ളൂ.
അല്ലാതെ ‘’പറകുട്ടി’’ ‘’ചാത്തന്‍’’
മുതലായ ക്ഷുദ്ര കര്‍മ്മങ്ങള്‍ അനുഷ്ടിടക്കുകയായിരുന്നില്ല പാക്കനാര്‍ .അദ്ധ്വാനിക്കാതെ പാക്കനാര്‍ അന്നം
കഴിച്ചിരുന്നില്ല .
(ഉപകാര –
പ്രത്യുപകാരത്തിന്റെ ഭാഗമെന്ന നിലയില്‍ പ്രാചീന കാലത്ത് ജനവിഭാഗങ്ങള്‍ തമ്മില്‍
നടന്നിരുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിതരണ സമ്പ്രദായമായിരുന്നു ‘’ദാനം ‘’. ഒരു ഒറ്റപ്പെട്ട സമ്പ്രദായം
എന്ന നിലയില്‍ ദാനം കാലക്രമത്തില്‍ ഒരു കീഴ്വഴക്കമായി തിരുകയും ഒരു ആചാരമായി
തിരുകയും ചെയുകയാണ് ഉണ്ടായത് . ‘’അകനാനൂരുപോലെയുള്ള’’
പഴന്തമിഴ് പാട്ടുകളില്‍ പ്രാചീന തമിഴകത്തെ നിലവിലുണ്ടായിരുന്ന ഒരു വിനിമയ രൂപമെന്ന
നിലയില്‍ ദാനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം------- കേരള ചരിത്രം / Prof. T.K.Gangadaran ;
Calicut University Central co-operative stores Ltd ).
പാക്കനാരുടെ ഓലവായന :
എല്ലാവരും കരുതുന്ന പോലെ
,പാക്കനാര്‍ നിരക്ഷനായിരുന്നില്ല . എഴുത്തും എഴുത്തോലയും
,വായനും മെല്ലാം അറിയുന്ന ജ്ഞാനിയായിരുന്നു പാക്കനാര്‍. അത് പറയുന്ന ഒരു കഥയുണ്ട്
,ആ കഥ ഇങ്ങനെയാണ് ;
അഗ്നിഹോത്രി അരമുഴം ഭൂമി
ഇഷ്ടദാനം ചെയുന്നതിനുമുന്‍പ് ,പാക്കനാരെ എടുത്തുവളര്‍ത്തിയ പറയകുടുംബം
താമസ്സിച്ചിരുന്നത് ,മേഴത്തൂരിലെ ‘’മങ്ങാട്ട്’’ എന്ന നായര്‍ തറവാടിന്റെ മുന്നിലെ
കുന്നിന്ചെരുവിലെവിടെയോ ആയിരുന്നു . ഈ കുന്നിന്‍ ചെരുവിനു സമീപം , പാക്കനാരുടെ വീടിനു ഒരു
വിളിപ്പാടകലെ ഒരു നമ്പൂതിരി ഇല്ലം ഉണ്ടായിരുന്നു .
കുന്നിനചെരുവില്‍ നിന്ന്
എന്നും സന്ധ്യനേരത്തു പാക്കനാര്‍ ഓലവായിക്കുന്നത് ,ഈ നമ്പൂതിരിയുടെ
ഇല്ലത്തിരിന്നാല്‍ കേള്‍ക്കാമായിരുന്നു . നമ്പൂതിരി ദിവസവും അത്
ശ്രദ്ധിക്കുമായിരുന്നു .
ഒരു ദിവസം പാക്കനാരുടെ
ഓലവായന അവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല . കാരണം തിരക്കി വരാന്‍ നമ്പൂതിരി തന്‍റെ
ചെറിയ മകളോട് പറഞ്ഞു . മകള്‍ പാക്കനാരുടെ വീട്ടുമുറ്റത്ത് വന്നു കാര്യം തിരക്കി
‘’തനിക്കു ഇന്ന്
അത്താഴത്തിനു ഒന്നും ലഭിച്ചില്ല ,അത്
കൊണ്ടു നല്ല ക്ഷീണം തോന്നുന്നു .അതുകൊണ്ട് വായിക്കാന്‍ കഴിയുന്നില്ല’’ എന്ന്
പാക്കനാര്‍ കുട്ടിയെ അറിയിച്ചു .പെണ്‍കുട്ടി ആ കാര്യം തന്‍റെ അച്ഛന്‍ നംബൂതിരിയോടു
പറഞ്ഞു . നമ്പൂതിരി പാക്കനാരെ ഭക്ഷണത്തിനു ക്ഷണിച്ചു .പാക്കനാര്‍ പക്ഷെ ‘’ ഇന്ന് തനിക്കു
ഈശ്വരന്‍ അത്താഴം വിധിച്ചിട്ടില്ല ‘’ എന്ന് പറഞ്ഞു .എങ്കില്‍ തനിക്കും ഇന്ന്
അത്താഴം വേണ്ട എന്നായി നമ്പൂതിരി . വീണ്ടും കുട്ടി പാക്കനാരുടെ അടുത്ത് എത്തി
.അച്ഛന്റെ തിരുമാനം അറിയിച്ചു. താന്‍ കാരണം ഒരാല്‍ ഭക്ഷണം കഴിക്കതെയിരിക്കുന്നു
എന്നറിഞ്ഞ പാക്കനാര്‍ പെണ്‍കുട്ടിയോട് അല്പം പാല്‍ കൊണ്ടുവാരനും ,ആ കുട്ടിയുടെ
കൈയില്‍ നിന്ന് അത് വാങ്ങി കുടിക്കുകയും ചെയ്തു. പാല്‍ കുടിച്ചതിനുശേഷം പാക്കനാര്‍
ആ പെണ്‍കുട്ടിയെ അനുഗ്രഹിച്ചു :
‘’ ജീവിതത്തില്‍ വളരെയധികം
വേദന യുണ്ടാവുന്ന നിമിഷത്തില്‍ തന്നെ സ്മരിക്കുക .ആ വേദന താന്‍ തീര്‍ത്തുതരും
‘’....................................
ഈ പെണ്‍കുട്ടിക്ക് പിന്നിട്
ജീവിതത്തില്‍ ഒരിക്കല്‍ പാക്കനാരെ വിളിക്കേണ്ടി വന്നു .
ഈ കഥയാണ് പാക്കനാര്‍ അക്ഷര
ജ്ഞാനിയായിരുന്നു എന്ന് പറയാന്‍ കാരണം .
പ്രസിദ്ധ സാഹിത്യക്കാരന്‍
സി.രാധാകൃഷ്ണന്‍ അദേഹത്തിന്റെ ‘’തീ ക്കടല്‍ കടഞ്ഞു തിരുമധുരം ‘’ എന്നാ നോവലിന്‍റെ
ആമുഖത്തില്‍ ,തിരൂര്‍ ,താനൂര്‍ ,ചമ്രവട്ടം
എന്നി സ്ഥലങ്ങളില്‍ ബുദ്ധ വിഹാരങ്ങളും ,ബുദ്ധ മത പള്ളികൂടങ്ങളും ഉണ്ടായിരുന്നതായി
സൂചിപ്പിക്കുന്നുണ്ട് . അത്തരം പള്ളിക്കൂടങ്ങളില്‍ എല്ലാ ജാതികള്‍ക്കും
പ്രവേശനമുണ്ടായിരുന്നു .പാക്കനാര്‍ തിരൂര്‍ പുഴയുടെ തീരത്ത് തപസനുഷ്ടിച്ചിരുന്നു
എന്ന് മുന്‍പ് എഴുതിയത് വായിച്ചുവല്ലോ .അതില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാന്‍
:
പാക്കനാര്‍ ഒന്നെങ്കില്‍
അത്തരം പള്ളികൂടത്തിലെ അധ്യാപകനോ – പഠിതാവോ ആയിരിക്കണം . അങ്ങനെയാണ് പാക്കനാര്‍
എഴുത്തും ഓലവായനയും പഠിച്ചിരുന്നതെന്നു അനുമാനിക്കാം.
ആത്മനാശത്തിലെക്കുള്ള വഴി അഥവാ പണം ആളെക്കോല്ലി:
ഒരു പക്ഷെ പാക്കനാരുടെ
ഏറ്റവും പ്രസിദ്ധമായ കഥ ഇതായിരിക്കാം . ആ കഥ ഇതള്‍ വിരിയുന്നതിങ്ങനെയാണ് :
സത്യസന്ധനും ധര്‍മ്മിഷ്ടനും
ആയ പാക്കാനാരുടെ ജീവിതം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു എങ്കിലും സ്വാര്‍ജിതമായ
തല്ലാതെ ,പാക്കനാര്‍ ആരില്‍നിന്നും ഒന്നും സ്വീകരിച്ചിരിന്നില്ല.
ഒരിക്കല്‍ പാക്കനാരും
ഭാര്യയും മുള്ളങ്കാട്ടില്‍,മുളവെട്ടികൊണ്ടിരിക്കുമ്പോള്‍ മുളയുടെ ഉള്ളില്‍ നിന്നും സ്വര്‍ണനാണയങ്ങള്‍
ചിന്നിച്ചിതറി. പാക്കനാര്‍ ഉടന്‍ തന്നെ ഭാര്യയേയും വിളിച്ചു അവിടെനിന്നു പോകാന്‍
ഭാവിച്ചു . പകച്ചു നിന്ന ഭാര്യയോടു പാക്കനാര്‍ പറഞ്ഞു ‘’ പണം ആളെ ക്കൊലിയാണ് നമുക്ക് ഈ പണം വേണ്ട –പോകാം ‘’. പോകാന്‍
മടികാണിച്ച ഭാര്യയോടു താന്‍ പറഞ്ഞത് മനസ്സിലാകണമെങ്കില്‍ അല്പം മാറിയിരുന്നു
ശ്രദ്ധിച്ചാല്‍ മതിയെന്ന് പറഞ്ഞു ഇരുവരും ആരും കാണാത്ത ഒരിടത്ത് ഒളിച്ചിരുന്നു .
അപ്പോള്‍ അതുവഴി വന്ന രണ്ടു
വഴിപ്പോക്കാര്‍ ഈ സ്വര്‍ണനാണയങ്ങള്‍ കാണുകയും അവ ശേഖരിക്കുകയും കിഴികളായി തങ്ങളുടെ
ഭാണ്ഡത്തില്‍ വെച്ചു . ഉച്ചനേരമായതിനാല്‍
ഇരുവര്‍ക്കും നല്ല വിശപ്പുണ്ടായിരുന്നു . ഭക്ഷണപൊതികള്‍ പുറത്തു വെച്ചു
.ഭാണ്ഡങ്ങള്‍ക്ക് ആദ്യം ഒരാള്‍ കാവല്‍
നിന്നു .അതേസമയം മറ്റേ ആള്‍ കൈ കഴുകുവാനായി അടുത്തുള്ള അരുവിലേക്ക് പോയി .ഈ തക്കം നോക്കി കാവല്‍
നിന്നാള്‍ സുഹൃത്തിന്‍റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഒന്നും അറിയാത്തപോലെ ഇരുന്നു
. ഇത് തന്നെ കൈ കഴുകി വന്ന സുഹൃത്തും കാവല്‍ നിന്ന ആള്‍ കൈകഴുകാന്‍ പോയപ്പോള്‍
ആവര്‍ത്തിച്ചു . ഇരുവരും ഭക്ഷണം കഴിച്ചു .തല്‍ക്ഷണം മരിച്ചു വീണു . ഇതെല്ലാം
കണ്ടുകൊണ്ടിരുന്ന പാക്കനാര്‍ ഭാര്യയോടു പറഞ്ഞു ‘’ഇപ്പോള്‍ മനസ്സിലായില്ലേ പണം ആളെ
കൊല്ലി യാണെന്ന് ‘’ .
പണം കൊണ്ടു മൂന്ന്
കാര്യങ്ങള്‍ മാത്രമേ നടക്കു .അവ ദാനം
,ഭോഗം ,നാശം . എന്നിവയാണെന്ന് അറിയുന്നത് കൊണ്ടു പാക്കനാര്‍ ഉള്ളതുകൊണ്ട് തൃപ്തി
പെട്ട് കാലം കഴിച്ചു .
പാക്കനാരുടെ വിഷചികിത്സ
അഥവാ പരകായ പ്രവേശം :
കാലം കടന്നു
പോയികൊണ്ടിരുന്നു . മുന്‍പ്പറഞ്ഞ ‘’ഓലവായന ‘’ കഥയിലെ നമ്പൂതിരി പെണ്‍കുട്ടി വളര്‍ന്നു
വലുതായി .ആ പെണ്‍കുട്ടിയെ കല്യാണം കഴിച്ചു ദൂരെയേതോ ദേശത്തിലേക്കു അയച്ചു .
വിവാഹത്തിന്റെ അന്ന്
രാത്രിയില്‍ തന്നെ നിര്‍ഭാഗ്യവശാല്‍ ,പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ പാമ്പ് കടിച്ചു
. മരണം ഏതാണ്ട് ഉറപ്പായി . പെണ്‍കുട്ടി
അലമുറയിട്ടു നിലവിളിച്ചു .പിറ്റേദിവസം ആ
ഇല്ലത്തേക്ക് അവരുടെ ബന്ധുമിത്രാതികള്‍ വരാന്‍ തുടങ്ങി .ചിലര്‍ മാവ് വെട്ടാന്‍
തുടങ്ങി. അപ്പോഴാണ് പെണ്‍കുട്ടിക്ക് പാക്കനാര്‍ കൊടുത്ത വാക്ക് ഓര്‍മ്മയില്‍
വന്നത് .ഉടനെ തന്നെ മുറിക്കകത്ത് ചെന്ന് കതകടച്ചു മനസ്സിരുകി പ്രാര്‍ത്ഥിച്ചു .
ഏതാനും നിമിഷങ്ങള്‍ക്ക്
ശേഷം ,സുന്ദരകോമളനായ ഒരു യുവാവ് ,ആ
ഇല്ലത്തിന്റെ പടിപ്പുരയും കടന്നു നേരെ നടന്നു വന്നു .
‘’ഇനി ഞാനൊന്ന് നോക്കട്ടെ –
എല്ലാവരും അല്‍പ്പം ഒന്ന് മാറി നില്‍ക്കുക ‘’ എന്ന് പറഞ്ഞു പാമ്പ് കടിയേറ്റ യുവാവ് കിടന്ന മുറിയില്‍ കടന്നു വാതില്‍ അടച്ചു . പാക്കനാര്‍ തന്‍റെ കുടുമ
അഴിയിച്ചു ,മുടികൊണ്ട് ആ യുവാവിനെ ഉഴിഞ്ഞു . വിഷം മുറിയിലേക്ക് ആവാഹിച്ചു . ഉടനെ
തന്നെ കത്തികൊണ്ട് ആ മുടി മുറിച്ചു മാറ്റി . യുവാവ് ജീവിതത്തിലേക്ക്
തിരിച്ചുവന്നതിന്റെ ആഹ്ലാദ തിരക്കിനിടയില്‍ ആരോടും യാത്രപറയാതെ ,ആരില്‍നിന്നും
ഒന്നും വാങ്ങാതെ ,പാക്കനാര്‍ പടിയിറങ്ങിപ്പോയി .പെണ്‍കുട്ടിക്ക് മാത്രമേ വന്നത്
ആരാണെന്ന് മനസ്സിലായത് ഉള്ളൂ . പാക്കനാര്‍ അങ്ങനെ ചെയ്തത് കൊണ്ടാണ് ,പഴയക്കാലത്ത്
പിന്നിട് ആരും വിഷചികിത്സക്ക് പണം വാങ്ങാതിരുന്നത് .
ഈ കഥയില്‍ നിന്ന് രണ്ടു
കാര്യങ്ങള്‍ മനസ്സിലാക്കാം : പരകായ പ്രവേശം ചെയ്യാന്‍ അറിയുന്ന ആളായിരുന്നു പാക്കനാര്‍ ,മറ്റൊന്ന്
അദേഹത്തിന് വൈദ്യവും അറിയാമായിരുന്നു എന്നതാണ് .
ഏകം സത് വിപ്രാ .............എല്ലാം ഒന്നു
തന്നെ .
ഒരിക്കല്‍ അഗ്നിഹോത്രിയെ
കാണുവാന്‍വേണ്ടി പാക്കനാര്‍ അദേഹത്തിന്റെ മനയിലേക്ക് ചെന്നു. അഗ്നിഹോത്രി
പൂജമുറിയിലായതിനാല്‍ പാക്കനാരോട് പടിപ്പുരയില്‍ കാത്തിരിക്കാന്‍ ഭൃത്യന്‍ പറഞ്ഞു .
പാക്കനാര്‍ പടിപ്പുരയില്‍ കാത്തിരുന്നു
. അഗ്നിഹോത്രിയാവട്ടെ ഒരു പൂജ കഴിഞ്ഞാല്‍
അടുത്ത പൂജയിലേക്ക് കടക്കും .ഗണപതിഹോമം ,അഗ്നിഹോത്രം,ഭഗവതി സേവ ,തുടങ്ങി ഓരോ
പൂജയിലേക്ക് പ്രവേശികുമ്പോള്‍ ഭൃത്യന്‍ വന്നു പാക്കനാരോട് ഇപ്പോള്‍ ഇന്ന പൂജയിലാണ്
എന്ന് പറയും . അഗ്നിഹോത്രി ഓരോ പൂജയിലേക്ക് കടക്കുന്ന നേരത്ത് പാക്കനാര്‍ ഓരോ
ചെറിയ കുഴികള്‍ പടിപ്പുരമുറ്റത്തു തീര്‍ക്കും . ഒടുവില്‍ എല്ലാ പൂജകളും കഴിഞ്ഞു
അഗ്നിഹോത്രി പാക്കനാരെ കാണാന്‍ പടിപ്പുരയില്‍ വന്നു . അപ്പോള്‍ അവിടെ കണ്ട ചെറിയ
കുഴികള്‍ കണ്ട് അഗ്നിഹോത്രി ആശ്ചര്യപ്പെട്ടു .
’’എന്താ പാക്കാ ഇത് ?’’
‘’ഓ അതോ – ഈ കുഴികള്‍ക്ക്
പകരം ,ഒറ്റ ഒരു കുഴി കുഴിച്ചിരുന്നു
എങ്കില്‍ വെള്ളം കിട്ടിയേനെ
‘’...............പാക്കനാര്‍ പറഞ്ഞു നിര്‍ത്തി .പാക്കനാര്‍ ഒന്നും പറയാതെ
പടിയിറങ്ങി .അഗ്നിഹോത്രിക്ക് കാര്യം മനസ്സിലായി .:
‘’ആകാശം പതിതം തോയം –
യഥാ ഗച്ഛതി സാഗരം .
സര്‍വ്വ ദേവ നമസ്കാരം
കേശവം പ്രതി ഗച്ഛതി ‘’
ആകാശത്തില്‍ നിന്ന് വിഴുന്ന
മഴവെള്ളം എപ്രകാരം ഒരേ ഒരു കടലില്‍ ചെന്ന്
ചേരുന്നുവോ അത് പോലെ ,ഏതെല്ലാം ദേവതകളെ പൂജിച്ചാലും അവയെല്ലാം ഒരേ ഒരു ഭഗവാനില്‍
തന്നെ ചെന്ന് ചേരുന്നു എന്നര്‍ത്ഥം
.
ഈ സത്യം അറിയുന്ന
യോഗിവരനായിരുന്നു പാക്കനാര്‍ .പൂജ കേവലം ഒരു കര്‍മ്മം മാത്രമാകുന്നു .പൂജക്ക്
പിറകിലെ ഭാവമാണ് പ്രധാനം .എത്ര പൂജ,എങ്ങനെയൊക്കെ
ചെയ്തു എന്നത് പ്രാധനമല്ല എന്നര്‍ത്ഥം
.
സര്‍വ്വം പ്രാണമയം :
മറ്റൊരവസരത്തില്‍ , നെല്‍
വയലിലെ ഒറ്റംകയവകളില്‍ നിന്ന് കുരുത്തി വെച്ച് മീന്‍ പിടിക്കുകയായിരുന്നു
പാക്കനാര്‍ . അത് വഴി വന്ന അഗ്നിഹോത്രി ഇത് കാണാന്‍ ഇടയായി .
‘’എന്താ പാക്കാ ഈ
കാണിക്കുന്നത് ? ഈ പാവം മീനുകളെ എന്തിനു കൊലണം “”
‘’വിശന്നിട്ടാണ് അടിയാന്‍
ഇവയെ പിടിക്കുന്നത് ?’’
‘’എങ്കില്‍ എന്‍റെ കൂടെ
മനയിലേക്ക് വരൂ ആവശ്യത്തിനു നെല്ല് തരാം “
അഗ്നിഹോത്രി മുന്നിലും
പാക്കനാര്‍ പിന്നിലുമായി മനയിലേക്ക് നടന്നു .പാക്കനാര്‍ മനയുടെ മുറ്റത്തു നിന്നു .
അഗ്നിഹോത്രി ഭ്രത്യന്മാരോട് മുറ്റത്തു നെല്ല് അളന്ന് ഇടാന്‍ പറഞ്ഞു .അവര്‍ അതുപോലെ
ചെയ്തു . അല്‍പ്പം കഴിഞ്ഞു മുറ്റത്തെ നെല്ലെല്ലാം പതുക്കെ നടക്കാന്‍ തുടങ്ങി .അവ
മുറ്റം നിറയെ നടന്നു . എല്ലാവരും പരിഭ്രാന്തരായി .അഗ്നിഹോത്രിക്ക് കാര്യം
മനസ്സിലായി. ഒരിക്കല്‍ നെല്ലിനും ജീവനുണ്ടായിരുന്നു .അവയെ അറുത്താണ് താന്‍
ഭക്ഷിക്കുന്നത് . അഗ്നിഹോത്രി പാക്കനാരെ നോക്കി .പാക്കനാര്‍ ചിരിച്ചു .നെല്ലുകള്‍
നടത്തം നിര്‍ത്തി .
ആരോടും ഒന്നും പറയാതെ
പാക്കനാര്‍ പടിയിറങ്ങി .
പാക്കനാരുടെ ഭാര്യ :
പാക്കനാരുടെ ഭാര്യയുടെ
പാതിവൃത്യത്തെയും ഭര്‍ത്താവിനോടുള്ള സ്നേഹത്തെയും ക്കുറിച്ചുള്ള കഥയാണ് ഇനി പറയാന്‍
പോകുന്നത് :
അഗ്നിഹോത്രിയുടെ മകന് വിവാഹ
പ്രായമായപ്പോള്‍ , എങ്ങനെയുള്ള പെണ്ണിനെ
യാണ് തിരഞ്ഞെടുക്കേണ്ടത് എന്നറിയാന്‍ മകനെ പാക്കനാരുടെ അടുത്തേക്ക് അഭിപ്രായം
തിരക്കാന്‍ അഗ്നിഹോത്രി പറഞ്ഞയച്ചു.
മകന്‍
പാക്കനാരുടെ വീട്ടില്‍ വരുന്ന സമയത്ത് ,പാക്കനാരുടെ ഭാര്യ മുറ്റമടിക്കകയായിരുന്നു
.ഉടനെ അത് നിര്‍ത്താന്‍ പാക്കനാര്‍ ഭാര്യയോടു ആവശ്യപ്പെട്ടൂ ,എന്നിട്ട് കിണറ്റില്‍
നിന്ന് വെള്ളം കോരി കൊണ്ടു വരാന്‍ പറഞ്ഞു .ഭാര്യ മുറ്റമടി നിര്‍ത്തി ,പാളയും
കുടവുമായി കിണറ്റിന്‍ക്കരയിലേക്ക് പോയി .വെള്ളം കോരി കൊണ്ടിരിക്കുമ്പോള്‍ ഉടനെ
തന്നെ അത് നിര്‍ത്തി ,തനിക്ക് അല്പം കഞ്ഞിവെള്ളം ആവശ്യപ്പെടു.ഭാര്യ ഉടനെ വെള്ളം
കോരല്‍ നിര്‍ത്തി കഞ്ഞി വെള്ളത്തിനായി അടുക്കളയില്‍ കയറി ,തണുത്ത കഞ്ഞിവെള്ളം
പാക്കനാര്‍ക്ക് നല്‍കി .അത് കുടിച്ച പാക്കനാര്‍ ,നാവു പോള്ളുന്നെ എന്ന് ഉറക്കെ
നിലവിളിച്ചു .ഭാര്യ ഓടി വന്നു .തനിക്ക് വീശി ത്തരാന്‍ പറഞ്ഞു .പാവം ഭാര്യ
പാക്കനാരെ വീശാന്‍ തുടങ്ങി .ഇതെല്ലം കണ്ടുകൊണ്ടിരുന്ന അഗ്നിഹോത്രിയുടെ മകന്‍
,ഇല്ലത്തേക്ക് മടങ്ങി ,പാക്കനാര്‍ നല്ല സുഖമില്ല എന്നും അയാള്‍ ഭാര്യെകൊണ്ട് ഓരോ
വിഡ്ഢിത്തങ്ങള്‍ കാട്ടികൂട്ടുകയാന്നെന്ന് അഗ്നിഹോത്രിയോട് പറഞ്ഞു .
അഗ്നിഹോത്രിക്ക് കാര്യം
മനസ്സിലായി .അദേഹം മകന് പാക്കനാര്‍ കാണിച്ചതിന്റെ പൊരുള്‍ മനസിലാക്കി കൊടുത്തു .
ഭര്‍ത്താവിനെ സ്ന്ഹിക്കുകയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയുന്നവളായിരിക്കണം
ഭാര്യ എന്നര്‍ത്ഥം . ഇങ്ങനെ തങ്ങളുടെ ജീവിതത്തിലൂടെ ഓരോ ലോകകാര്യങ്ങള്‍
പഠിപ്പികുകയായിരുന്നു പാക്കനാരും പത്നിയും .
കാശിയും കാഞ്ഞിരവടിയും :
കാശിയില്‍ പോയി ഗംഗയില്‍
സ്നാനം ചെയ്‌താല്‍ സകല പാപങ്ങളില്‍ നിന്നും മോക്ഷപ്രാപ്തി കൈവരുമെന്നാണ്
പൊതുവെയുള്ള വിശ്വാസം .
ഒരിക്കല്‍ ,ഏതാനും
ബ്രാഹ്മണര്‍ കാശിക്ക് പോകുന്നത് പാക്കനാര്‍ കണ്ടു. തനിക്കും കാശിക്കു വരണമെന്ന്
ആഗ്രഹമുണ്ടെന്നും പക്ഷെ തന്‍റെ ആരോഗ്യസ്ഥിതി മോശമാണ് എന്നും ആയതിനാല്‍ തന്‍റെ
ഉഉന്നു വടിയെങ്കിലും ഒന്ന് ഗംഗയില്‍ മുക്കി കൊണ്ടുവരാന്‍ അദേഹം ബ്രാഹ്മണരോട്
അഭ്യര്‍ത്ഥിച്ചു . പാക്കനാരെപ്പോലെ ധര്‍മ്മിഷ്ടനായ ഒരാളുടെ അഭ്യര്‍ത്ഥന അവര്‍ക്ക്
നിഷേധിക്കാനായില്ല . പാക്കനാരുടെ ഊന്നുവടിയുമായി അവര്‍ കാശിയിലേക്ക് പോയി
.വടിയുമായി ഗംഗയില്‍ മുങ്ങി നിവര്‍ന്നു നിന്നപ്പോള്‍ അവരുടെ കൈയില്‍നിന്ന് വടി
അപ്രത്യക്ഷമായി . പാക്കനാരോട് എന്ത് പറയും എന്നാലോചിച്ചു വിഷമത്തോടെ അവര്‍
നാട്ടിലേക്ക് മടങ്ങി . പാക്കനാരുടെ ആ വടി പിന്നിട് ആലൂരിലുള്ള പുലേരി
അമ്പലകുളത്തിലാണ് പൊങ്ങിയത് .
തിരിച്ചെത്തിയ ബ്രാഹ്മണര്‍
പാക്കനാരുടെ കൈയില്‍ ആ വടി കണ്ടപ്പോള്‍ ആശ്ചര്യപ്പെട്ടു .അദേഹത്തെ വണങ്ങി
തിരിച്ചുപ്പോയി . ഹൃദയ ശുദ്ധി യാണ് പ്രധാനം .ഹൃദയശുദ്ധിയുള്ളവര്‍ക്ക് കാശിയില്‍
ഒന്നും പോകേണ്ട കാര്യമില്ല എന്നര്‍ത്ഥം .അതു മാത്രമല്ല –
പ്രകാശിക്കുന്നതെന്തോ അതാണ്
കാശി . ഒരുരുത്തരുടെയും ഹൃദയാന്തര്‍ഭാഗത്തിരുന്നു ജ്വലിക്കുന്ന ചൈതന്യം തന്നെയാണ്
കാശി .ജീവനുള്ള ശരീരം തന്നെയാണ് കാശി എന്നര്‍ത്ഥം .പിന്നെ ഗംഗയോ ? തലമുറകളിലൂടെ
ഒഴുകുന്ന അറിവ് അഥവാ ജ്ഞാനം തന്നെയാണ് ഗംഗ
. പൂര്‍ണമായ അറിവില്‍ മുങ്ങി നിവരുമ്പോള്‍
ഒരാള്‍ സര്‍വ്വ തന്ത്ര സ്വതന്ത്രനാകുന്നു .മോക്ഷപ്രാപ്തി കൈവരുന്നു .
മഹത്തായ ഈ അറിവ് അറിയുന്ന പണ്ഡിതനായിരുന്നു പാക്കനാര്‍ .
ആഴ്വാഞ്ചേരിതബ്രാക്കളും
പാക്കനാരും :
ഒരിക്കല്‍ തെക്ക് ഒരു
രാജാവിനെ അരിയിട്ട് വാഴിച്ചു മടങ്ങി വരുകയായിരുന്നു ആഴ്വാഞ്ചേരി തബ്രാക്കള്‍ .
രാജാവ് സമ്മാനമായി നല്‍കിയ സ്വര്‍ണ പശുവുമായാണ് തബ്രാക്കള്‍ വന്നിരുന്നത് . സ്വര്‍ണ
പശുവുമായി പോകുന്ന തബ്രാക്കളെ പാക്കനാര്‍ കാണാന്‍ ഇടവന്നു . ‘’ജീവനില്ലാത്ത
പശുവിന്റെ അവകാശം അടിയാനാണ് .അത് അവിടെ വെച്ച് പോവുക ‘’ പാക്കാനാര്‍ പറഞ്ഞു .ഉടന്‍
തന്നെ തബ്രാക്കള്‍ ,കുറച്ചു പുല്ല് പറിച്ചു പശുവിനു നേര്‍ക്ക് നീട്ടി ,കൂടെ വരാന്‍
പറഞ്ഞു .പശു നടന്ന് നീങ്ങി . ഇത് കണ്ട പാക്കാനാര്‍ പറഞ്ഞു ‘’എല്ലാ തബ്രാക്കളും
തബ്രാക്കളല്ല –ആഴ്വാഞ്ചേരി തബ്രാക്കളാണ് തബ്രാക്കള്‍ ‘’ .പാക്കനാര്‍ അങ്ങനെ
പറഞ്ഞതിനുശേഷമാണ് നാട്ടില്‍ എല്ലാവരും ആഴ്വാഞ്ചേരിയെ ‘’തബ്രാക്കള്‍ ‘’ എന്ന്
അഭിസംബോധന ചെയ്യാന്‍ തുടങ്ങിയത് .
പാക്കനാര്‍ പശുവോ സ്വര്‍ണ്ണമോ മോഹിച്ചത് കൊണ്ടല്ല ആഴ്വാഞ്ചേരി യെ തടഞ്ഞത് . മറിച്ചു
മറ്റു തബ്രാകള്‍ക്കില്ലാത്ത കഴിവുകള്‍ ഉള്ളവരാണ് ആഴ്വാഞ്ചേരി എന്ന കാര്യം
ജനകീയമാക്കാന്‍ വേണ്ടിയായിരുന്നു . മഹാവിഷ്ണുവിനെ നഗ്നനേത്രങ്ങള്‍ കൊണ്ടു
കണ്ടവരാണ് ആഴ്വാഞ്ചേരി തബ്രാക്കള്‍ ,അത് കൊണ്ടു തന്നെ ‘’നേത്ര നാരായണന്‍ ‘’ എന്ന്
ആഴ്വാഞ്ചേരി ക്ക് പേരുണ്ട് .മാത്രമല്ല കിരാതമൂര്‍ത്തിയായ മഹാശിവനെ
ഉപാസിക്കുന്നവരാണ് ആഴ്വാഞ്ചേരി തബ്രാക്കള്‍ .
പാക്കനാര്‍ ആരാണെന്നും
എന്താണെന്നും അറിയുന്നത് കൊണ്ടുംകൂടിയാണ്
ആഴ്വഞ്ചേരി ഈ പരീക്ഷണത്തിന് തയ്യാറായതും .
പാക്കനാരും ഭാരതപുഴയും:
ഒരിക്കല്‍ മുറം വില്‍ക്കാനായ് പുറപ്പെട്ട പാക്കനാര്‍ ഭാര്യയോട് പറഞ്ഞു :
‘’വന്നാല്‍ വരില്ല – വന്നിലെങ്കില്‍ വരും ‘’ ഭാരതപ്പുഴയില്‍
വെള്ളം വരുന്ന കാര്യമാണ് പാക്കനാര്‍ പറഞ്ഞത് .പാക്കനാരുടെ എല്ലാ
കാര്യങ്ങളിലും തന്നെ ഇത്തരം നിഗൂഢതകള്‍
കാണാം . കാര്യം ഭാര്യക്ക് മനസ്സിലായി .
പാക്കനാരും തൃക്കാവ്
അമ്പലകുളവും
പൊന്നാനിക്കടുത്തുള്ള
തൃക്കാവ് അമ്പലത്തിന് ഒരു കുളം നിര്‍മ്മിക്കുകയായിരുന്നു ക്ഷേത്ര ഉരാളര്‍. എങ്ങനെ
കുഴിച്ചിട്ടും വെള്ളം കിട്ടിയില്ല . അപ്പോള്‍ അത് വഴി വന്ന പാക്കനാര്‍ എല്ലാ
പണിക്കാരോടും അല്പനേരത്തേക്ക് മാറി നില്‍ക്കാന്‍
പറഞ്ഞു . എല്ലാവരും കരക്ക് കയറി .പാക്കനാര്‍ കുളത്തിലേക്ക് ഇറങ്ങി . കുളത്തിന്‍റെ
ഈശാനകോണില്‍നിന്നു ഒരു പിടി മണ്ണ് വാരി മുകളിലേക്ക് ഇട്ടു .പിന്നിട് പണിക്കാരോട് ആ
സ്ഥലത്ത് കുഴിക്കാന്‍ പറഞ്ഞു . വെള്ളം തിരപോലെ വന്നു . ആരില്‍ നിന്ന് ഒന്നും
വാങ്ങാതെ പാക്കനാര്‍ നടന്നു നീങ്ങി .
പാക്കനാരുടെ ഭൂവിജ്ഞാന
അറിവിനുള്ള ഉദാഹരണം ആണ് ഈ കഥ .
പാക്കനാര്‍ പതിതനാവുന്നു :
ഒരിക്കല്‍ മാതാപിതാക്കളുടെ
ശ്രാദ്ധത്തിന് അഗ്നിഹോത്രിയുടെ മനയില്‍ പന്ത്രണ്ടു മക്കളും ഒത്തുകൂടി.പാക്കാനാരുടെ
അറിവും കഴിവും ഖ്യാതിയും ഇതിനകം മറ്റുള്ളവരെ അസൂയപ്പെടുത്തിയിരുന്നു . പാക്കാനരെ
മോശക്കാരനാക്കണ മെന്ന ദുരുദ്ദേശത്തോടെ അവര്‍ ഒരു പന്തയം നടത്താന്‍ തിരുമാനിച്ചു
.ആ പന്തയത്തിലേക്ക് പാക്കനാരെ ക്ഷണിച്ചു .ശുദ്ധഗതിക്കാരനായ
പാക്കാനാരും ആ വിനോദത്തില്‍ പങ്കെടുത്തു . ആ പന്തയം ഇപ്രകാരമായിരുന്നു .ഒരു പശുവിന്‍റെ മുന്‍ക്കാലുകള്‍
മറ്റുള്ളവര്‍ കെട്ടും പിന്ക്കാലുകള്‍ പാക്കനാരും കെട്ടണം .പാക്കനാര്‍ കെട്ടിയ
കെട്ടു മറ്റുള്ളവര്‍ അഴിക്കും ,മറ്റുള്ളവര്‍ കെട്ടിയ കെട്ടു പാക്കനാരും അഴിക്കണം
,ഇതാണ് പന്തയം . പാക്കനാരുടെ കെട്ടു അവര്‍ നിഷ്പ്രയാസം അഴിച്ചു .പക്ഷെ
മറ്റുള്ളവരുടെ കെട്ടു പാക്കനാര്‍ക്ക് പെട്ടെന്ന് അഴിക്കാന്‍ കഴിഞ്ഞില്ല . അത്
കൊണ്ടു അദേഹം അത് കടിച്ചു അഴിക്കാന്‍ ശ്രമിച്ചു .ഉടനെ പല്ലിന്റെ ഊനയില്‍ നിന്ന്
ചോര വന്നു . ‘’പാക്കനാര്‍ പശുവിനെ തിന്നേ...................’’ എന്നവര്‍ ആര്‍ത്തട്ടഹസിച്ചു
. പാക്കനാര്‍ക്ക് പതിത്വം കല്പിച്ചു . പക്ഷെ പാക്കനാര്‍ ഒരിക്കലും ഒരു പശുവിനെയും
തിന്നിട്ടില്ല . അത്തരത്തില്‍ ഒരു കഥയും ഇല്ല . സമൂഹം പിന്നിട് പറയരുടെ മേല്‍
അടിച്ചേല്‍പ്പിച്ചതാണ് ചത്ത പശുവിനെ തിന്നുക എന്നത് . അങ്ങനെ പാക്കനാരും പറയരും
പതിതരായി .
പാക്കനാരും കോവക്കയും
ഒരിക്കല്‍ മാതാപിതാക്കളുടെ
ശ്രാദ്ധത്തിന് അഗ്നിഹോത്രിയുടെ മനയില്‍ പന്ത്രണ്ടു മക്കളും
ഒത്തുകൂടി.ശ്രാദ്ധത്തിനായി ഓരോരുത്തരും കൊണ്ടുവന്ന സാധന സാമഗ്രികള്‍
അഗ്നിഹോത്രിയുടെ ഭാര്യയെ അവര്‍ ഏല്‍പ്പിച്ചു .പാക്കനാരാവട്ടെ പശുവിന്‍റെ അകിടാണ് പൊതിഞ്ഞു കൊണ്ടുവന്നത് .തുറന്നുനോക്കിയതും
അഗ്നിഹോത്രിയുടെ ഭാര്യ അത് വലിച്ചെറിഞ്ഞു . ബലിക്കര്‍മ്മങ്ങള്‍ നടക്കുന്ന സമയത്ത്
പാക്കനാര്‍ താന്‍ കൊണ്ടുവന്നതെവിടെ എന്ന്ന്യോഷിച്ചു .അത് ദൂരേക്ക് വലിച്ചെറിഞ്ഞു
എന്ന് അവര്‍ പറഞ്ഞു .എങ്കില്‍ എറിഞ്ഞ സ്ഥലത്ത് നിന്ന് അത് കൊണ്ടു വരൂ എന്നായി
പാക്കനാര്‍ . അഗ്നിഹോത്രിയുടെ ഭാര്യ അവിടെ പോയിനോക്കിയപ്പോള്‍ അവിടെയെല്ലാം
വിളഞ്ഞു നില്‍ക്കുന്ന കോവക്കയാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത് .അത് പൊട്ടിച്ചു
കൊണ്ടുവരാന്‍ പാക്കനാര്‍ പറഞ്ഞു .അത് ബാലിക്കര്‍മ്മത്തിനു ഉപയോഗിച്ചു .ഇന്നും ബലി
കര്‍മ്മങ്ങള്‍ക്ക് വേണ്ട ഒരിനമാണ് കോവക്ക .
ബ്രഹദാരന്യ ഉപനിഷത്തില്‍ പശുവിന്‍റെ
സ്തനത്തെ ‘’വാണി ‘’എന്നറിയുക എന്നും ഓരോ മുലകളും സ്വാഹാകാരന്‍ ,വഷട് ക്കാരന്‍
,ഹന്തക്കാരന്‍ ,സ്വധാകാരന്‍ എന്നി പേരില്‍ അറിയപ്പെടുന്നു എന്നും ,ആദ്യത്തെ
രണ്ടെണ്ണം കൊണ്ടു ദേവന്മാരും ,ഹന്തക്കാരത്താല്‍ മനുഷ്യരും ,സ്വധാകാരത്താല്‍
പിതൃകളും ഉപജീവനം ചെയുന്നു എന്ന് പറയുന്നു .
ഏതൊരു ബലിക്കര്‍മ്മത്തിലും ദേവന്മാര്‍ക്കും പിതൃകള്‍ക്കും മോക്ഷം ലഭിക്കണം എന്നാഗ്രഹിക്കുന്നു
എന്നര്‍ത്ഥം . ഈ വിശേഷപ്പെട്ട ഈ ജ്ഞാനം
അറിയുന്ന ജ്ഞാനിയായിരുന്നു പാക്കനാര്‍ .
പാക്കനാരുടെ യഥാര്‍ത്ഥ വിശ്വരൂപം
പാക്കനാരെ പൂര്‍ണ്ണരൂപത്തില്‍
ഒരേ ഒരാള്‍ മാത്രമേ കണ്ടിട്ടുള്ളു .അത് അഗ്നിഹോത്രിയുടെ ഭാര്യ മാത്രമാകുന്നു . ആ
കഥയിങ്ങനെ :
ഒരിക്കല്‍ ശ്രാദ്ധത്തിന്
മനയില്‍ ഒത്തുകൊട്ടിയവര്‍ ഓരോ മുറികളില്‍ ഉറങ്ങുകയായിരുന്നു. അഗ്നിഹോത്രിയുടെ
ഭാര്യക്ക് ഒരു സംശയം – എന്തിനാണ് പാക്കാനാരെ ഇങ്ങനെ ബഹുമാനിക്കുന്നത് ?
അതിനുമാത്രം എന്ത് പ്രത്യേകതതയാണ് അദേഹത്തിന് ഉള്ളത് ? ഈ വക ചോദ്യങ്ങള്‍ക്കെല്ലാം
മറുപടിയായി അഗ്നിഹോത്രി ഒന്നേ പറഞ്ഞുള്ളൂ ‘’ അത് നിനക്ക് അറിയണമെന്ന് നിര്‍ബന്ധമാണെങ്കില്‍
,അര്‍ദ്ധരാത്രിയില്‍ എന്‍റെ കൂടെ പാക്കനാരുടെ മുറി വരെ വരുക , എന്നിട്ട് ഒരു കൈ
കൊണ്ടു എന്നെ തൊടുക ,മറ്റേ കൈ കൊണ്ടു തന്‍റെ ഒരു കണ്ണ് പോത്തുക .എന്നിട്ട്
അദേഹത്തെ നോക്കുക “”
അഗ്നിഹോത്രിയുടെ ഭാര്യ
അതുപോലെ നോക്കി . തലക്കുമുകളില്‍ ചന്ദ്രക്കലയും കാല്‍ക്കല്‍ പാമ്പുകളും മായി
പുലിത്തോലില്‍ കിടക്കുന്ന സാക്ഷാല്‍ മഹേശ്വരനെയാണ് അവര്‍ അവിടെ അന്ന് കണ്ടത് . ആ
കാഴചയില്‍ അവരുടെ ഒരു കണ്ണ് നഷ്ട്ടപെട്ടു . പൊത്തിയ കണ്ണ് ലഭിച്ചു .
സത്യത്തിന്‍റെ ശരിയായ ദര്‍ശനം (സുദര്‍ശനം
)ലഭിക്കുമ്പോള്‍ ,നമ്മുടെ കാഴ്ചകളും കാഴ്ച്ചപ്പാടുകളും തെറ്റാണന്നു മനസ്സിലാവുകയും
,അന്ധകാരത്തിന്‍റെ പഴയ കണ്ണ് നഷ്ട്ടപ്പെടുകയും
അറിവിന്‍റെ പുതിയ കാഴ്ച്ച ലഭിക്കുകയും ചെയ്യും . ഈ കാര്യമാണ് ഈ കഥയില്‍
അടങ്ങിയിട്ടുള്ളത്
.
വടക്കുംനാഥനും പാക്കനാരും :
തൃശൂര്‍ വടക്കുംനാഥന്റെ
വിഗ്രഹം ഉറക്കാതെ വന്നു ,പ്രതിഷ്ഠ അവിടെ ഉറപ്പിച്ചത് പാക്കനാരുടെ നിര്‍ദ്ദേശങ്ങള്‍
പ്രകാരമായിരുന്നു .വടക്കുംനാഥന്‍ പാക്കനാരുടെ സാമീപ്യം ആഗ്രഹിച്ചു .അതിന്‍ പ്രകാരം
വടക്കും നാഥ ക്ഷേത്ര മതിലകത്തിനുള്ളില്‍ ,വടക്ക് കിഴക്ക് ഭാഗത്തായി പാക്കനാരെ
കുടിയിരുത്തിയിരിക്കുന്നു .
പാക്കനാരും കാഞ്ഞിരവും .
വാര്‍ദ്ധക്യക്കാലത്ത്
,പാക്കനാര്‍ എപ്പോഴും ഒരു കാഞ്ഞിര വടി കൈയില്‍ പിടിച്ചിരുന്നു . മനുഷ്യന്‍റെ
ജീവിതം കൈയപ്പ് നിരഞ്ഞതാന്നെന്നും ,ജീവിതത്തിന്‍റെ സന്തത സഹചാരി ദുഃഖം
മാത്രമാകുന്നു എന്നും ലോകത്തെ നിശബ്ദമായി അറിയുക്കുകയായിരുന്നു പാക്കനാര്‍ കാഞ്ഞിര
വടിയിലൂടെ .മാത്രമല്ല കാഞ്ഞിരം ശിവന്‍റെ ആയുധങ്ങളില്‍ ഒന്നാകുന്നു . നീലകണ്ഠനായ ശിവന്‍
തന്നെയാണ് കാഞ്ഞിരം .
ഒരിക്കല്‍ പൂജക്ക് പൂവ്
അറുക്കുവാന്‍ വേണ്ടി പുഴയ്ക്കു അക്കരെക്കു പോയി മടങ്ങി വരുമ്പോള്‍ ക്ഷീണം തോന്നി
.തന്‍റെ കൈലുള്ള കാഞ്ഞിരവടി നിലത്തു കുത്തി പാക്കനാര്‍ അവിടെയിരുന്നു .ആ വടി വളര്‍ന്നു
പാക്കനാര്‍ക്ക് തണലേകി . അവിടെ വെച്ചു പാക്കാനാര്‍ക്ക് അമ്മ ഭഗവതിയുടെ ദര്‍ശനം
ഉണ്ടായി . പാക്കനാര്‍ അവിടെ സമാധിയായി .ആ സ്ഥലമാണ് കുമ്മിട്ടിക്കാവും പാക്കനാര്‍
കാഞ്ഞിരവും .ഭഗവതി ദര്‍ശനമുണ്ടായതിനാല്‍ ‘’കുമ്മിട്ടിക്കാവിലമ്മ’’യാണ് ഇവിടുത്തെ
പ്രതിഷ്ഠ സങ്കല്‍പം .
...........................
പാക്കനാരുടെ ജീവിത സന്ദേശം
:
.കര്‍ത്തവ്യ പഞ്ചകം
എന്നറിയപ്പെടുന്ന ഉപനിഷദ് സന്ദേശം പാക്കനാരുടെ ജീവിതത്തില്‍ ദര്‍ശിക്കാം . പാക്കനാരുടെ
ജീവിതത്തെ താഴെപ്പറയുന്ന വിധം സംഗ്രഹിക്കാം
1.എന്തിലും ഏതിലും ആരിലും
ഈശ്വരനെ ദര്‍ശിച്ചു കൊണ്ടു ജീവിക്കുക
.(ഈശാമീശ്യം ഇദം സര്‍വ്വം )
2. ഒരു വസ്തുവിലും ഒന്നിലും
മമതയോ, ആര്‍ത്തിയോ ,ആസ്ക്തിയോ ഇല്ലാതെ എല്ലാം അനുഭവിക്കുക അഥവാ ഉപഭോഗം ചെയ്യുക .
3.ആരുടേയും ധനവും മാനവും
കവരരുത് .ആഗ്രഹിക്കരുത് .
4.എല്ലായ്പ്പോഴും
പരോപകരപ്രദമായി തന്‍റെ കര്‍മ്മവും കടമയും കര്‍ത്തവ്യവും ചെയ്യുക .
5.മനസ്സാ വാചാ കര്‍മണാ സ്വന്തം ആത്മാവിനു അനുകുലമായി വര്‍ത്തിക്കുക .
ഈ വക കാര്യങ്ങള്‍ ആണ്
പാക്കനാര്‍ സ്വന്തം ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിക്കാന്‍ ശ്രമിച്ചത് .
ആരായിരുന്നു പാക്കനാര്‍ ?
പാക്കന്‍ ആര് ? എന്ന ചോദ്യമാണ്
പാക്കനാര്‍ എന്ന പദം . ഞങ്ങളുടെ വിശ്വാസ
പ്രകാരം – മണ്ണില്‍ മനുഷ്യനായി നടന്ന മഹേശ്വരനെയാണ് ജനം പാക്കനാര്‍ എന്ന് വിളിച്ചത് .
‘’ഓം . നമ: ശിവായ!!!’’
പന്തിരുകുലത്തെക്കുറിച്ചുള്ള
മറ്റു വിവരങ്ങള്‍ :
.കൊട്ടാരത്തില്‍
ശങ്കുണ്ണിയുടെ ഐതീഹ്യമാല യാണ് പറയിപെറ്റ പന്തിരുകുലത്തെ ക്കുറിച്ചു ആദ്യം പറയുന്ന
ഗ്രന്ഥം .
പന്തിരുകുലത്തിന്റെ കാലം :
മേഴത്തോള്‍ അഗ്നിഹോത്രിയുടെ
വാക്കെന്നു പറയുന്ന ‘’യജ്ഞാസ്ഥാനം സുരക്ഷ ‘’ എന്നത് 1270701 _എന്ന കലിസംഖ്യക്ക് തുല്യമാണ്
.അതിനുതുല്യമായ ക്രിസ്ത്വബ്ദം 379-മത് ഏപ്രില്‍ 10 ആം തിയതി ,മീനം 27 ആം തിയതിയാണ്
യാഗം അവസാനിപ്പിച്ചത് എന്നാണ് ഐതീഹ്യം
.
(കേരള ചരിത്രം – വാല്യം 2.
പേജു 374 –കേരള ഹിസ്റ്ററി അസോസിയേഷന്‍ .കൊച്ചി -11).
പാക്കനാര്‍ തൊള്ളായിരം
പാക്കനാര്‍ പാടി നടന്ന
പാട്ടുകളുടെ സമാഹാരം .ഇവ സമാഹരിച്ചത് പോര്‍ച്ചുഗീസ്ക്കാരനായ Fr.JACOB FENITIO
.അദേഹത്തിന്റെ ‘’ Livro de cita dose Indiocis Orientalises ‘’ എന്ന പുസ്തകത്തിലാണ് എട്ടു
വരികള്‍ വീതമുള്ള പാക്കനാരുടെ ഈ പാട്ടുകള്‍ . ഇദേഹം 1584 നും 1631നും ഇടയില്‍
കേരളത്തില്‍ ,പ്രത്യേകിച്ചു തിരൂര്‍ ,താനൂര്‍ ഭാഗത്ത് പ്രവത്തിച്ചിരുന്നു .
വിദ്വാന്‍ പി.കേളു നായര്‍
രചിച്ച ‘’പാക്കനാര്‍ ചരിതം ‘’ എന്ന നാടകം .
എന്‍ .മോഹനന്‍ രചിച്ച
‘’ഇന്നലത്തെ മഴ ‘’ എന്നാ നോവല്‍ .
ഡോക്ടര്‍ രാജന്‍ ചുങ്കത്ത്
രചിച്ച ‘’ പറയിപെറ്റ പന്തിരുകുലം :ഐതീഹ്യവും ചരിത്രവും ‘’ എന്ന ഗവേഷണ ഗ്രന്ഥം .
ആലങ്കോട് ലീലാകൃഷ്ണന്‍
രചിച്ച ‘’ നിളയുടെ തീരങ്ങളിലൂടെ ‘’.എന്ന യാത്രാവിവരണം.
മധുസൂദനന്‍ നായര്‍ രചിച്ച
‘’നാറണത്തു ഭ്രാന്തന്‍ ‘’ എന്ന കവിത .
പി.നരേന്ദ്രനാഥ് രചിച്ച
‘’പറയിപെറ്റ പന്തിരുകുലം ‘’ എന്ന നോവല്‍ .
ഡോക്ടര്‍ കെ .ശ്രീകുമാര്‍
രചിച്ച ‘’പറയിപെറ്റ പന്തിരുകുലം ‘’ എന്ന നോവല്‍ .
0 Comments:
Post a Comment
<< Home