Thursday, March 18, 2010

പാക്കനാർ കഥകൾ(3)

ഭാരതപ്പുഴ ഒഴുകികൊണ്ടെയിരുന്നു.

പുഴയിൽ വേനലും വർഷവും മാറി മാറി വന്നു.

മാറ്റങ്ങൾ പാക്കനാരിലും വന്നു കൊണ്ടിരുന്നു.

ഒരിക്കൽ.......അപ്പനോടൊപ്പം കാട്ടീൽ മുള വെട്ടാൻ വന്ന പാക്കനാർ കാടിന്റെ നിശബ്ദതയിൽ ധ്യാനത്തിലിരിക്കുന്ന കാഴ്ച്‌ ആ അപ്പൻ നോക്കി നിന്നു.
തന്റെ മകനിൽ എന്തൊ പ്രത്യേകതയുണ്ടെന്ന് ആ അപ്പന്‌ തോന്നിതുടങ്ങി.........

പ്രപഞ്ചത്തിലെ സകലതിനോടും താദാൽമ്യം പ്രാപിച്ചുകൊണ്ട്‌ ആ ആത്മാവ്‌ തപസ്സ്‌ തുടർന്നു... അസ്വസ്തനായ ഒരു മനസ്സിൽ ചോദ്യങ്ങളൂടെ ഒരു ചുഴലി രൂപം കൊളുകയായിരുന്നു.

അങ്ങനെ ഒരിക്കൽ പാക്കനാർ തന്റെ അപ്പനോട്‌ ചോദിച്ചു.:
"അപ്പാ ആരാണ്‌ പറയൻ ? "

"എങ്ങനെയാണ്‌ നമ്മൾ പറയരായത്‌ ?"

അപ്പൻ ആ കഥ പറയാൻ തുടങ്ങി - പറയ സമുദായത്തിന്റെ പിറവിയുടെ കഥ്‌........

"പണ്ട്‌,പണ്ട്‌....ഒരിക്കൽ.ഭൂമിക്ക്‌ വല്ലാത്തൊരു ഇളക്കം വന്നു.
ഭൂമിയുടെ ഇളക്കം തീർക്കാൻ പണ്ഡിതന്മാരായ ബ്രാഹ്മണർ ഒരു വലിയ യാഗം നടത്താൻ തിരുമാനിച്ചു.
യഗശാല പണിയിച്ചു.
യാഗഗ്നി തെളിയിച്ച്‌`യാഗം തുടങ്ങി.
യാഗത്തിന്റെ പ്രധാനമായ മൂലമന്ത്രം മനസ്സിൽ ജപിക്കേണ്ട ഒന്നായിരുന്നു.
വിധിയെന്നോ,കർമ്മഫലമെന്നോ പറയട്ടെ -

നിർഭാഗ്യവശാൽ ഒരു ബ്രാഹ്മണൻ അറിയാതെ പുറത്തെക്ക്‌ പറഞ്ഞു.
മൗനമായി ആചരിക്കേണ്ട മന്ത്രവിധിക്കൾ പുറത്ത്‌ പറഞ്ഞതിന്‌ എല്ലാവരും ചേർന്ന്‌ അയാളെ സമുദായത്തിൽ നിന്നു് ഭ്രഷ്ട്ട്‌ കൽപ്പിച്ച്‌ പുറത്താക്കി.

മന്ത്രം അഥവാ അറിവ്‌ പറഞ്ഞവൻ പറയൻ.
അല്ലാതെ പറക്കൊട്ടുന്നവനല്ല.
മകനെ അങ്ങനെയാണ്‌ മറയനും പറയനും വേർത്തിരിഞ്ഞതു് "..........
(മറയൻ = ബ്രാഹ്മണൻ)

Monday, March 15, 2010

പാക്കനാർ കഥകൾ(2)

നിളാ നദിക്കരയിലെ ബലി തർപ്പണ കർമ്മങ്ങൾക്ക്‌ ശേഷം തിരിച്ചുപ്പോരുംബോൾ കേട്ട ആ കുഞ്ഞിന്റെ കരച്ചിലിനെ അയാൾക്ക്‌ അവഗണീക്കാൻ കഴിഞ്ഞില്ല.

അയാൾ നദിക്കരയിലൂടെ കിഴക്കോട്ടു നടന്നു.

അപ്പോൾ കിഴക്കു സൂര്യൻ ഉദിച്ചുവരുന്നതെയുണ്ടായിരുന്നുള്ളു.
അയാൾ സൂര്യനെ സാക്ഷിയാക്കി ആ കുഞ്ഞിനെ കൈകൾകൊണ്ട്‌ കോരിയെടുത്ത്‌ മാറോട്‌ ചേർത്തു.
അയാൾ ആ കുഞ്ഞിനെ തൻന്റെ കുടിലിൽ കിടത്തി.
കേട്ടവർ കേട്ടവർ ആ കുടിലിനും ചുറ്റും ഓടി കൂടീ.
അവർ ഒന്നടക്കം പറഞ്ഞു:
"കത്തിച്ചു വെച്ച നിലവിളക്കു പോലെത്തെ ഒരു കുട്ടി "........
ശരിയാണ്‌.
അയാൾ ആ കുഞ്ഞിന്റെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കി-
വല്ലാത്തൊരു സൂര്യതേജ്ജസ്സ്‌ ആ മുഖ്ത്ത്‌ നിഴലിച്ചിരുന്നു......
അയാൾ ആ കുഞ്ഞിന്റെ ചെവിയിൽ മെല്ലെ വിളിച്ചു:" പാക്കൻ"....

(ഭാസ്കരൻ എന്ന പേർ ലോപിച്ച്‌ പാക്കൻ എന്നായി എന്നോരു വകഭേദമുണ്ട്‌... )

ഒരു പറയനായ അയാൾക്ക്‌ ആ കുഞ്ഞിനെ ഒരു പറയനായി മാത്രമെ വളർത്താൻ കഴിയു.

കുഞ്ഞിന്നു എഴുവയസ്സായാപ്പ്പ്പോൾ കുഞ്ഞിന്റെ "തലച്ചിലിടൽ"കർമ്മം നടത്താൻ അയാൾ നിശ്ച്ചയിച്ചു.

അതിലേക്കയി തന്റെ സകല ബന്ധുക്കളെയും അയാൾ ക്ഷണിച്ചു വരുത്തി.......... വെറ്റില,അടക്ക,പുതിയ പ്പട്ട്‌,നെല്ലും നിറയും,നില വിളക്ക്‌,നാക്കില,അങ്ങനെ എല്ലാം അയാൾ ഒരുക്കി. കത്തിച്ചു വെച്ച നിലവിളക്കിനുമുന്നിൽ പാക്കന്നാരെ ഇരുത്തി.

ഗുരുകാരണവന്മാർ കുഞ്ഞിന്റെ നിറുകയിൽ അരിയും പൂവും എറിഞ്ഞ്‌ പാക്കനാരുടെ തലയിൽ തലച്ചിലിട്ടു. പാക്കനാർ പറയനായി...

തുടർന്ന് അന്ന് അവിടെ കൊട്ടും പാട്ടും അരങ്ങെറീ.......

("തലച്ചിലിടൽ"- പറയരുടെ ഉപനയനമാണ്‌.ഈ ചടങ്ങോടുകൂടി മാത്രമെ ഒരാൾ പൂർണനായ പറയനാവൂ.)

പാക്കനാർ കഥകൾ

ജീവന്റെ ഉത്ഭവം ജലത്തിൽ നിന്നാകുന്നു.
മനുഷ്യൻ ജീവിതങ്ങൾ പടുത്തുയർത്തിയതും നദിക്കരകളിലാണ്‌.
നദിത്തടങ്ങളിൽ രൂപംകൊണ്ട സംസ്കാരങ്ങളാണ്‌ മനവരാശിയുടെ ചരിത്രം.
കഥകളും സ്വപ്നങ്ങളും നൽകിയതു നദികളാണ്‌.
അതുകൊണ്ടു തന്നെ ഓരോ നദിയും കഥകൾ പറയുന്ന മുത്തശ്ശീമാരാണ്‌.
കതോർക്കാൻ ക്ഷമയുണ്ടെങ്കിൽ പുഴ നമ്മോട്‌ ചിലതു പറയും.
-ഇപ്പോഴും.

ഭാരതപ്പുഴയും അതിന്റെ തുടക്കം മുതൽ പൊന്നാനി അഴിമുഖം വരെ അനവധി പറഞ്ഞുകൊണ്ടാണ്‌ ഒഴുകിയിരുന്നത്‌.
കഥകളുടെ രമണീയമായ ഒരു കാലത്തു പുഴപെറ്റ സ്വപ്നമാണ്‌ പന്തിരുക്കുലം.
ഉച്ചനീച്ചത്വത്തിന്റെ ഉച്ചചൂടിൽ കിടന്നു പൊള്ളിയ മനുഷ്യർ കണ്ട സ്വപ്നവുമാകാം പന്തിരുകുലം. സ്വപ്നവും യാഥാർത്ഥ്യവും ഇഴപ്പിരിക്കൻ ഇവിടെ ഉദേശിക്കുന്നില്ല.
അതു ചരിത്ര അന്യോഷണകർക്ക്‌ വിടുന്നു.

എങ്കിലും കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി മലയാളി മനസ്സിൽ സൂക്ഷിക്കുന്ന നന്മയാണ്‌ പന്തിരുക്കുലം എന്നു പറയാതെ വയ്യ.

ഇവിടെ ഈ നിളയോരത്തിലുടെ ഞാൻ പാക്കനാരുടെ മൊഴിക്കൾക്ക്‌ കാതോർക്കാൻ ശ്രമിക്കുകയാണ്‌.....

തൃത്താലയെന്നു ആ ദേശത്തിന്നു പേരുവരുന്നതിനും മുൻപ്‌.....

ഒരിക്കൽ നിളാ നദി കരകവിഞ്ഞു ഒഴുകിയ ഒരു ദിവസം പുഴയുടെ കരയിൽ വരരുചിയും പൂർണ്ണ ഗർഭിണിയായ ഭാര്യയും എത്തി.
കരകവിഞ്ഞൊഴുകുന്ന പുഴ എങ്ങനെ കടക്കണമെന്നാലോച്ചിചുനിന്ന വരരുചിയോട്‌ ഭാര്യ പറഞ്ഞു..: "ഇതാ ഈ മിറ്റാറം(ചെറിയ മുറം)കൊണ്ട്‌ മേൽ വെള്ളം മേൽപ്പോട്ടും കിഴ്‌വെള്ളം കിഴ്പ്പോട്ടും ആക്കുക.."

വരരുചി ഭാര്യയെ പറഞ്ഞതനുസരിച്ചു പുഴയിലേക്കിറങ്ങി.മിറ്റാറം കൊണ്ട്‌ വെള്ളത്തെ വകഞ്ഞു മാറ്റി.പുഴ അവർക്കുപ്പോകാൻ വഴിയോരുക്കി.പുഴയുടെ നടുക്കെത്തിയപ്പോൾ ഭാര്യ പ്രസവിച്ചു.പുഴയുടെ അങ്ങെ കരയിലെത്തിയ വരരുചി വിളിച്ചു ചോദിച്ചു...
"കുഞ്ഞ്‌ ആണോ പെണോ "
"ആണ്‌"
"എങ്കിൽ ഈ കരയിൽ കിടത്തു"
"കുഞ്ഞിനു വാ കീറിയിട്ടുണ്ടോ ?"
"ഉണ്ട്‌"
"എങ്കിൽ വാ കിറിയ ദൈവം ഇരയും കൽപിച്ചിട്ടുണ്ട്‌"

അമ്മയുടെ കണ്ണീരിൽ നനഞ്ഞ ആ ഉണ്ണിക്ക്‌ നിളാ നദി താരാട്ടുപ്പാടി....... ... കഥ തുടരും