Thursday, February 26, 2009

കരയിൽ നിന്ന് കടൽക്കാണുബോൾ....
അനപത്യം ഒരു ശാപമാണെന്നാണ്‌ നാട്ടിലെ പൊതുവിശ്വാസം. ശാപമോക്ഷത്തിനായി അംബലങ്ങളായ അംബലങ്ങളും കാവുകളായ കാവുകളും കയറിയിറങ്ങി ഒടുവിലാണ്‌ ഞങ്ങൾ ഭരതൻ ഡോക്റ്ററുടെ ശാന്തി ഹോസ്പിറ്റലിൽ എത്തിയത്‌.(ചികിൽസ കൊണ്ട്‌ വലിയ പ്രയോജനമില്ലയെന്ന് ഉണ്ണിപ്പണ്ണിക്കർ പ്രത്യേകം പറഞ്ഞിരുന്നു.)

ഭരതൻ ഡോക്റ്റർ പാവം.പഠിച്ചപ്പണ്ണി പതിനെട്ടും നോക്കി.
ഒടുവിൽ കൊടുങ്ങല്ലൂരിലേക്ക്‌ എഴുത്ത്‌ തന്ന് പറഞ്ഞു വിട്ടു.
(ഉണ്ണിപ്പണ്ണിക്കരുടെ ശാസ്ത്രത്തെ ഞാൻ മനസ്സു കൊണ്ടു നമസ്കരിച്ചു.)

വിശ്വാസങ്ങൾ തോൽക്കുന്നിടത്ത്‌ ഒരു പക്ഷെ ശാസ്ത്രം വിജയിച്ചാലോയെന്നു പരീക്ഷിച്ചുനോക്കാൻ തന്നെ തിരുമാനിച്ചു കൊ ണ്ട്‌ ഞങ്ങൾ കൊടുങ്ങലൂരിലേക്ക്‌ പുറപ്പെട്ടു.
അവിടെയും തന്നെ പതിവു പരിശോധനകൾ.പരീക്ഷ്ണങ്ങൾ.
ഡോകറ്റരുടെ അഭിപ്രായത്തിൽ ഇനി ഇക്സി മാത്രമെ വഴിയുളൂ.അതും ഒരൽപം സാബത്തിക ചിലവും വരും.
ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കി അവിടെനിന്നും ഇറങ്ങി.
തിരിച്ചുപോരുന്ന വഴിക്കാണ് ഗുരുവായുർ.ഗുരുവായുരിലിറങ്ങി സങ്കടങ്ങളെല്ലാം ഗുരുവായുരപ്പനെ ഏൽപ്പിച്ച്‌ നേരെ കുറ്റിപ്പുറത്തു വന്നു.

വേനൽ മഴ തകർത്ത്‌ പെയ്യുകയാണ്‌.
ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്‌.കാലം തെറ്റിപെയ്യുന്ന മഴയെ ചിലർ ശപിക്കുന്നു.മറ്റു ചിലർ മഴ വലിയ ആശ്വാസമായിയെന്നും അഭിപ്രായം പറയുന്നു.
എല്ലാ ചർച്ചക്കുമപ്പുറം ഞങ്ങൾ നിശബ്ദരായി നിന്നു.
വണ്ടി വന്നു.മഴയെ മറന്നു ജനം താറാവുക്കൂട്ടങ്ങളെപ്പോലെ തീവണ്ടിയുടെ അടുത്തെക്ക്‌ പാഞ്ഞു.തിക്കിനും തിരക്കിനുമിടയിൽ എങ്ങനെയോ വണ്ടിയിൽ കയറികൂടി.
ഭാവിയെക്കുറിച്ചും, ചികിൽസയെക്കുറിച്ചും ഓർത്ത്‌ മഴയിലേക്ക്‌ നോക്കി ഞങ്ങൾ ഇരുന്നു.
പുറത്ത്‌ മഴ തർത്ത്‌ പെയ്യുകയാണ്‌. കാലം തെറ്റി വന്ന മഴ.
ജീവിതം അവിചാരിതവും അപ്രതീക്ഷിതവുമായ സംഭവങ്ങളുടെ ഒരു പരബര തന്നെയാണെന്ന് വേനൽ മഴ തറപ്പിച്ചു പറയുകയാണ്‌.
മഴയെ അവഗണിച്ചു വണ്ടി തന്റെ യാത്ര നിർബാധം തുടർന്നു. ഏറെ കഴിഞ്ഞാണ്‌ ഞങ്ങൾ അവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്‌ - അവരെയെന്നുവെച്ചാൽ - ഞങ്ങളുടെ തൊട്ടുമുന്നിൽ ഇരിക്കുന്ന യാത്രക്കാരെ.
ഒരു വയസ്സനും , ഒരു യുവതിയും പിന്നെ ര ണ്ടു ചെറിയ പെൺ ക്കുട്ടികളും.
അവരുടെ ഭാഷ ,അതിന്റെ ഈണം, ശൈലി ഒക്കെ ഞങ്ങളിൽ കൗതുകമുണർത്തി.മലയാളവും അറബിപ്പോലെത്തെ എന്തോ ഒന്നുമൊക്കെ കൂട്ടിക്കലർത്തിയുള്ള സംസാരം.
ഏതായാലും കേൾക്കാൻ നല്ല രസമുണ്ട്‌. കേവല ജിജ്ഞാസ കൊണ്ടു ഞാൻ ചോദിച്ചു. :
"നിങ്ങൾ എവിടെനിന്നു വരുന്നു ? "
"ദ്വീപിന്ന്" വയസ്സനാണ്‌ മറുപടി പറഞ്ഞത്‌.
"ഏത്‌ ? ലക്ഷദ്വീപിന്നോ ? "
"അതെ"
"ഇവിടെ എവിടെക്ക്യാ"
"കൊയിലാ ണ്ടി വരെ - അവിടെ ഞങ്ങൾക്ക്‌ ബന്ധുക്കളുണ്ട്‌ ".
കുട്ടികൾ ര ണ്ടും ഉറക്കം തൂങ്ങുന്നുണ്ട്‌.ആ ചെറുപ്പക്കാരി അവരെയുണർത്താൻ ശ്രമിക്കുകയാണ്‌. "എന്താ കുട്ടികൾക്ക്‌ സുഖമില്ലേ?" ഞാൻ കുശലന്യോഷണം തുടർന്നൂ.
"ഇല്ല - കൊയ്പ്പല്യ - ഒറ്‌ടെ വാപ്പപറഞ്ഞിന്‌ കുട്ട്യോള്‌ ഒർങ്ങാതെ നോക്കണം -പൊറത്തെ കായ്ച്ച്കളൊക്കെ കാണിക്കണമെന്ന് " യുവതി ഒരുവിധം പറഞ്ഞൊപ്പിച്ചു.
ശരിയാണ്‌ .കഴ്ചകൾ അധികവും പുറത്താണ്‌.

ദ്വീപ്‌ എങ്ങനെയാണെന്നോ , അവിടുത്തെ ജീവിതം എങ്ങനെയാണെന്നോ ഒന്നും തന്നെ എനിക്കറിയില്ല.ഞാൻ ഇതുവരെ ഒരു ദ്വീപും കണ്ടിട്ടില്ല. വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ചെരിയ ഒരു തുരുത്ത്‌- ഒരു ദ്വീപിനെ മനസ്സിൽ കാണാൻ ശ്രമിച്ചു. കടൽക്ഷോഭങ്ങളെയും സുനാമിയെക്കുറിച്ചും ഓർത്ത്‌ ഞാൻ ഭയപ്പെട്ടു.എന്റെ പേടി ഞാൻ അവരോട്‌ തുറന്നു പറഞ്ഞു.
"നിങ്ങൾക്ക്‌ അവിടെ ജീവിക്കാൻ പേടിയൊന്നുമില്ലേ ? അതും സുനാമിപ്പോലെത്തെ ദുരന്തങ്ങൾ കേൾക്കൂന്ന ഈ കാലത്ത്‌ "
വണ്ടി മഴയെ കീറിമുറിച്ചുകൊണ്ട്‌ മുന്നോട്ട്‌ പോയികൊണ്ടിരിക്കുകയാണ്‌. തിരുരോ -താനുരോ ,ഏതെല്ലമോ സ്റ്റേഷൻ പിന്നിടൂന്നു. വയസ്സൻ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.എന്നിട്ട്‌ ചിരിച്ചുകൊണ്ട്‌ ചോദിച്ചു.
"ഇങ്ങക്ക്‌ ഇവിടെ എന്ത്‌ ഒറപ്പാണ്‌ ഉള്ളത്‌ ?- " ഞാൻ ഒന്നു പരുങ്ങി. അയാൾ തുടർന്നു. "അവിടെ ഞമ്മക്ക്‌ ഒരു കുട്ടി വീട്ടിന്ന് പോയാൽ വൈകീട്ട്‌ തിരിച്ചെത്തുന്ന് ഒറപ്പ്ണ്ട്‌ - എവിടെയും പോകില്ല - പോകാൻപ്പറ്റുകയുമില്ല - കരയിലെ സ്ഥിതി അതാണോ ?. പിന്നെ മരണം. കരയിലായാലും വെള്ളത്തിലായാലും അതു ഉറപ്പാണ്‌.പിന്നെന്തിനു പേടിക്കണം.ഇപ്പോൾ തന്നെ ഈ വണ്ടി മറഞ്ഞ്‌ ഞമ്മള്‌ മരിച്ചൂടേ.? "
മരണഭയം കൊണ്ട്‌ കരയിൽ ദിവസവും ജനങ്ങൾ നീറീ നീറി കഴിയുകയാണ്‌.ആയുസ്സ്‌ നീട്ടി കിട്ടാൻ വേണ്ടി നെട്ടോട്ടമോടുകയാണ്‌. ഇതാ എന്റെ കന്മുന്നിൽ ജീവിതത്തെയും മരണത്തെയും ധീരമായി നേരിടണമെന്ന് തന്റെ തലമുറയോട്‌ ഉദ്ഘോഷിക്കുന്നു ഒരാൾ.
ആന്ത്രോത്തുക്കരൻ ഒരു മുഹമ്മദ്‌.
ആ വയസ്സന്റെ മുന്നിൽ ഞാൻ വളരെ ചെറുതായിപ്പോയി.മറുപടികൾ ഒന്നുമില്ല. വണ്ടിയുടെ കാതടിപ്‌പിക്കുന്ന ശബ്ദം മാത്രം കേൾക്കൂന്നുണ്ട്‌. മഴ മാറുന്നില്ല.
"കോയിലാ ണ്ടിയെത്താറായോ ? " അയാൾ തിരക്കികൊണ്ടിരുന്നു.
"ഇല്ല" എന്റെ മറുപടി പക്ഷെ അയാളെ അസ്വസ്തനാക്കുകയാണ്‌ ചെയ്തത്‌.
"അല്ല - കോയിലാ ണ്ടി കഴിഞ്ഞിരിക്കുന്നു-ഇത്‌ തീക്കോടിയല്ലേ ? പടച്ചോനെ വണ്ടി കോയിലാണ്ടിയിൽ നിർത്തിയില്ലല്ലോ.."
അയാൾ തല പുറത്തെക്ക്‌ നീട്ടി കൊണ്ടു പറഞ്ഞു. ശരിയാണ്‌.വണ്ടി കോയിലാണ്ടിയിൽ നിർത്തിയിട്ടില്ല.പക്ഷെ കോയിലാ ണ്ടിയിൽ സ്റ്റോപ്പിലെങ്കിൽ ടിക്കറ്റ്‌ റെയിൽ വെ തരില്ലയെന്നു തീർത്തു പറഞ്ഞൂ. ആ വൃദ്ധൻ ടിക്കറ്റ്‌ എന്റെ നേരെ നീട്ടി.
ഏറണാകുളം മുതൽ കോയിലാ ണ്ടി വരെയൂള്ള ടിക്കറ്റാണത്‌.
"ഇനി എന്താ ചെയ്യാ ? " - അയാൾ പരിഭ്രമിക്കാൻ തുടങ്ങി. "പേടിക്കേണ്ട.വടകരയിലിറങ്ങുക.അവിടുന്ന് ഇഷ്ടം പോലെ ബസ്സ്ണ്ട്‌." ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അയാളുടെ കൂടെയുള്ള സ്ത്രിയുടെ മുഖത്ത്‌ പരിഭ്രമവും ഭയവും ഉരുണ്ടുകൂടുന്നുണ്ട്‌.
"കോയിലാ ണ്ടിയിൽ സ്റ്റോപ്പിലെങ്കിൽ ഓര്‌ ആദ്യം പറയണ്ടേ ?"അയാൾ കുടുതൽ അസ്വസ്തനാവുകയാണ്‌. ഒരു പക്ഷെ ഇവർ വണ്ടി മാറി കേറിയതാവുമോ ?- പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല. വണ്ടി വടകരയിലെത്തി.

മഴ തർത്ത്‌ പെയ്യുകയാണ്‌.വലിയ രണ്ടുബാഗുകളും തോളിൽ തൂക്കി രണ്ടു ചെറിയ കുട്ടികളുമായി അയാൾ മഴയിലേക്ക്‌ ഇറങ്ങി.കൂടെ ആ യുവതിയും.
വണ്ടിയുടെ ജനൽപ്പാളിയിലൂടെ അവസാനമായി ഞാൻ അവരെ ഒന്നു നോക്കി.
മഴയത്ത്‌ പരസ്പരം അള്ളിപ്പിടിച്ചു നിൽക്കുകയാണവർ.
ഒന്നിനും ഏതിനും ഉറപ്പില്ലാത്ത കരയിലൂടെ വണ്ടി ഞങ്ങളെയും കൊ ണ്ട്‌ മുന്നോട്ട്‌ നീങ്ങി.....