Saturday, December 02, 2006

ഒരു വരത്തന്‍

മഴ നില്‍കുന്ന ലക്ഷണമില്ല.
ആല്‍മരത്തിന്റെ ചില്ലകള്‍ കാറ്റിനോട്‌ ചെറുത്തുനില്‍പ്പ്‌ തുടരുകയാണു.
കര്‍ക്കിടകത്തിന്റെ ആരവമാണു എങ്ങും.
കാറ്റില്‍ കൂടുനഷ്ട്ടപ്പെട്ട ഒരു കാക്ക ഏങ്ങി ഏങ്ങി കരഞ്ഞു.
ആലിലകളിലുടെ മഴത്തുള്ളികള്‍ താഴെക്ക്‌ ഒലിചിറങ്ങികൊണ്ടിരുന്നു.
ആ മരചുവട്ടില്‍, വിറചും വിറങ്ങലിചും ആകെ കൂനിക്കൂടി അയാള്‍ ഇരുന്നു.
ദൂരെ, ആകാശത്തിന്റെ ചെരിവിലെവിടെയോ ഒരു ഇടിവെട്ടി.
മുഖത്ത്‌ വിഴുന്ന മഴത്തുള്ളികള്‍ കൈകൊണ്ട്‌ തുടച്‌ മാറ്റി അയാള്‍ മേല്‍പ്പോട്ട്‌ നോക്കി.
ആകാശത്തിലുടെ മഴത്തുള്ളികള്‍ ഘോഷയാത്രയായ്‌ വരുകയാണു.....
മറ്റൊന്നിനെയുംക്കുറിച്‌ ആലോചിക്കാനില്ലാത്തതുകൊണ്ടൊ എന്തോ അയാള്‍ തന്റെ കൂടപ്പിറപ്പായ ആ തകരപ്പെട്ടിയെ വെറുതെ നോക്കിയിരുന്നു.
തുരുബ്‌ പിടിച്‌ വരുന്ന ആ തകരപ്പട്ടിയുടെമേല്‍ മഴ ഓര്‍മ്മകള്ളുടെ തായംബക തീര്‍ക്കുകയാണു.

പത്തു നാല്‍പ്പതു കൊല്ലങ്ങള്‍ക്കുമുന്‍പ്‌,
അതായതു ,ടൈപ്പ്‌ റൈറ്റു ഇന്‍സ്റ്റിറ്റുട്ടും, പന്‍ചായത്ത്‌ൂ ഷൊപ്പിംഗ്‌ കൊമ്പ്ലെക്സും,കമ്പ്യൂട്ടറുമൊക്കെ വരുന്നതിനും മുംബ്‌...

ഇടവപ്പാതി തകര്‍ത്ത്‌ പെയുമ്ന്ന ഒരു മഴക്കാലത്തു, കൈയില്‍ ഒരു തകരപ്പെട്ടിയുമായി അയാള്‍ ഷൊറണ്ണുര്‍ റയില്‍ വെ സ്റ്റെഷനില്‍ വന്നിറങ്ങി.അന്നു ഷൊറണ്ണുരിനു ഇന്നു കാണുന്ന ആര്‍ഭാടമോന്നും ഇല്ലായിരുന്നു.
ഒരു ചെറിയ അങ്ങാടി.
ഒന്നോ രണ്ടോ പീടികകള്‍.
അത്രമാത്രം
.ഇനി എങ്ങോട്ട്‌ എന്നറിയാതെ നില്‍ക്കുബോള്‍ ആദ്യം വന്ന ബസ്സില്‍ കയറി അവസാന സ്റ്റൊപ്പിലെക്ക്‌ ടിക്കറ്റ്‌ എടുത്തു.ബസ്സ്‌ അയാളെ കൊണ്ടെത്തിചത്‌ ഇവിടെ ഈ ആല്‍മരത്തിനരികില്ലായിരുന്നു.
ആല്‍മരത്തിന്റെ ഇലകള്‍ അയാളെ കണ്ടപ്പോഴെക്കും കലപില കൂട്ടാന്‍ തുടങ്ങി.
ആല്‍മരത്തിന്റെ തണലിലേക്ക്‌ അയാള്‍ ചേര്‍ന്നു നിന്നു.യുഗങ്ങളായി ഈ മരം തന്നെ കാത്തിരിക്കുകയായിരുന്നു എന്നു അയാക്ക്‌ തോന്നി.ആല്‍മരത്തിന്റെ ഇലകളിലേക്ക്‌ ദ്ര്ഷ്ടിയൂന്നി കൊണ്ട്‌ അയാള്‍ എറെനേരം അങ്ങനെ നിന്നു.
"മോനെ"
ദയനീയമായ ആ പിന്‍ വിളിയുടെ നേര്‍ക്കു അയാള്‍ തിരിഞ്ഞു നോക്കി.
കീറിപ്പറഞ്ഞ പുസ്തകം പൊലെ എങ്ങു നിന്നോ എത്തിയ ഒരു വൃദ്ധ .ആ വിളിയില്‍ അവരുടെ സകല ദുരിതങ്ങളും നിറഞ്ഞ്‌ നിന്നിരുന്നു.
"കയിഞ്ഞ മയക്ക്‌ പെര വീണൂ.തഹസില്‍ദാര്‍ക്ക്‌ അപേച കൊടുക്കാന്‍ വന്നതാ.മോന്‍ ഒന്നെയ്തി തര്യോ."
ഓരോരുത്തര്‍ക്കും അവരവരുടെ ജന്മ നിയോഗങ്ങള്‍ തിരിചറിയുന്ന നിമിഷങ്ങള്‍ ജീവിതത്തിലുണ്ടാവുമെന്നു അയാള്‍ അപ്പോള്‍ തിരിചറിയുകയായിരുന്നു.
ആ സ്ത്രി നീട്ടിയ വെള്ള കടലാസ്സില്‍ അന്നു ആദ്യമായി അയാള്‍ എഴുതി:
"ബഹുമാനപ്പെട്ട തഹസ്സില്‍ദാര്‍ അവര്‍കള്‍ക്ക്‌............."
ആ നിമിഷം മുതല്‍ അയാള്‍ പുതിയ ആകാശത്തിന്റെയും ഭൂമിയുടെയും അവകാശിയാവുകയായിരുന്നു.അജ്ഞാത ദേശങ്ങളിലെ സര്‍ക്കാര്‍ ആപ്പിസ്സുകളുടെ പരിസരങ്ങളില്‍,ഗതി കിട്ടാതെ അലയുന്ന ശുഷ്കമായ ആത്മാകള്‍ അയാളുടെ വിരല്‍ തുംബിലൂടെ മോക്ഷത്തിനായി കാത്തിരിക്കുകയായിരുന്നു.
"സത്യത്തില്‍ ഇങ്ങടെ രാജ്യം എവിടെയാണു"
ചായക്കടക്കാരന്‍ അബുവിന്റെ കാലം തെറ്റിയുള്ള ചോദ്യത്തിനു മുഖം കൊടുക്കാതെ ,ആവിപ്പറക്കുന്ന ചായ ചുണ്ടുകള്‍കൊണ്ട്‌ ഊതി അയാള്‍ പറഞ്ഞു:
"അങ്ങ്‌ തെക്കാ .പെരിയാറിനും തെക്ക്‌"
ചായയുടെ പൈസ മേശപ്പുറത്ത്‌ വെച്‌ അയാള്‍ തന്നെ കാത്തുനില്‍ക്കുന്ന ആല്‍മരത്തിന്റെ ചുവട്ടിലേക്ക്‌ നടന്നു.നദി അതിന്റെ അഴിമുഖത്തിലെക്കെന്നപ്പോലെ.
ശര്‍ക്കരയില്‍ ഈച പൊതിയുന്നപ്പോലെ,പരാതിക്കാര്‍ അയാളെ വളഞ്ഞു.ആല്‍മരത്തിന്റെ ഇലകളില്‍ കാറ്റ്‌ താളം പിടിചു നിന്നു.അയാളുടെ മനസ്സിലും.
അയാളുടെ കൈകൊണ്ട്‌ പരാതി എഴുതിയാല്‍ പരിഹാരം എഴാം പക്കം കാണുമെന്നു നാട്ടുക്കാര്‍ വിശ്വസിക്കാന്‍ തുടങ്ങിയതോ - അവരുടെ കഥയിലെ ഐതിഹ്യപുരുഷനാവുന്നതോ ഒന്നും പക്ഷെ അയാള്‍ അറിഞ്ഞിരുന്നില്ല.
അവിചാരിതമായ സംഭവപരംബരകളിലെക്കുള്ള പുറപ്പാടാണു ജീവിതം എന്നു അയാക്ക്‌ ബോധ്യപ്പെട്ടത്‌ കന്നു കചവടക്കാരന്‍ ചാമിയെ കണ്ടുമുട്ടിയപ്പോഴാണു.വാണിയംകുളം ചന്തയില്‍ വെച്‌ ഉണ്ടായ ഏതോ കശപിശയില്‍ പരാതി നല്‍കാനാണു ചാമി ആദ്യമായി അവിടെ വന്നത്‌.
കേസും കോടതിയുമായി പിന്നെയും ഒരു പാട്‌ തവണാ ചാമിക്ക്‌ അയാളെ കാണേണ്ടിവന്നു.ആരെയും വിശ്വസിക്കാത്ത ചാമിക്ക്‌ പക്ഷെ അയാളെ മാത്രമെ വിശ്വസിക്കാന്‍ കൊള്ളാവുന്നവനായി തോന്നിയുള്ളു. ആ ബന്ധം വളര്‍ന്ന് പിന്നെ ചാമിയുടെ മകള്‍ ദേവകിയുടെ വിവാഹത്തിലാണു കലാശിചത്‌.
ചാമി നല്‍കിയ പത്ത്‌ സെന്റ്‌ ഭൂമിയില്‍ അയാള്‍ പുതിയ ജീവതത്തിന്റെ ഹരിശ്രീ കുറിചു.പിന്നിടു അച്ചനും മുത്തച്ചനുമായി അയാള്‍ പരിണമിചപ്പോഴും തനിക്ക്‌ അഭയം നല്‍കിയ ആ ആല്‍മരത്തിന്റെ ചുവട്ടിലെക്ക്‌ എന്നും കാലത്ത്‌ എട്ടു മണിക്ക്‌ തന്നെ എത്താന്‍ അയാള്‍ നിര്‍ബന്ധം പിടിചു.
വാണിയംകുളത്തിനും ഈ ആല്‍മരത്തിനും ഇടക്കുള്ള യാത്രകളില്‍ വര്‍ഷവും വേനലും വേഷം മാറി വരുന്നതൊന്നും അയാാള്‍ ശ്രദ്ധിചില.
അലെങ്കിലും വേനലിന്റെയും വര്‍ഷത്തിന്റെയും കണക്കെടുപ്പായിരുന്നിലല്ലൊ അയാളുടെ നിയോഗം.

മഴ തുള്ളിമുറിയതെ പെയ്ത്‌ കൊണ്ടിരിക്കുകയാണു.
കാക്ക കര ചില്‍ നിര്‍ത്തി എങ്ങൊട്ടോ പോയി.
തഹസില്‍ദാരുടെ ആപ്പിസിലേക്ക്‌ പരാതിക്കാരെ കൊണ്ടു വന്നാക്കി ഓട്ടോറിക്ഷകള്‍ വന്നും പോയിമിരുന്നു.
ആല്‍മരവും അയാളും ഇപ്പോള്‍ തനിചാണു.
മഴത്തുള്ളികള്‍ വീണുകൊണ്ടിരിക്കുന്ന കടലാസ്സുകളിലേക്ക്‌ അയാള്‍ സൂക്ഷിചു നോക്കി:
പെരിയാറിനുമപ്പുറം
പേരറിയാത്തൊരു ദേശം തെളിഞ്ഞു വരുന്നതായി അയാള്‍ കണ്ടു.