Thursday, March 13, 2008

യാഗാഗ്നി തെളിയുന്നു......

മേഴത്തൂരിലെത്തിയ കിഴക്കന്‍ കാറ്റില്‍ ചൂടിന്റെ കാഠിന്യം ഒന്നുകൂടി വര്‍ദ്ധിച്ചു.
ദൂരെ കൊയ്ത്തുകഴിഞ്ഞ പാടത്തിന്റെ നടുവില്‍ മണ്ണും പൊടിപടലങ്ങളുമായി ഒരു ചുഴലി ഉരണ്ടുക്കൂടുന്നുണ്ട്‌....
മനയുടെ പടിവാതലില്‍ നിന്ന് മേഴത്തൂര്‍ ബ്രഹ്മദത്തന്‍ തിരുമേനി ആ കാഴ്ച്ച വെറുതെ നോക്കി നിന്നു.
പകലെരിയുന്ന കനല്‍ തന്റെയുള്ളില്‍ നീറുകയാണ്‌....
തണുത്ത സംഭാരത്തിനും തളുപ്പിക്കാനാവാത്ത അസ്വസ്ഥ്തത.
പിച്ചവെച്ചു നടന്ന നടുമുറ്റം.
ഓടിക്കളിച്ച അകത്തളങ്ങള്‍....
ഇരിക്കണമ്മമാരുടെ താരാട്ടുപ്പാട്ടുകള്‍...
ഊഞ്ഞാല്‍...
നിളയിലെ നീരാട്ട്‌....
എല്ലാം ഒരു നിമിഷം കൊണ്ട്‌ അന്യമാവുന്നുവോ....
ഇല്ല.
അടിയോരുടെ അടിശൂര്‍പ്പാട്‌ ഇപ്പോഴും താന്‍ തന്നെയാണ്‌.

സമൃദ്ധിയുടെ കണിക്കൊന്നകള്‍ മനയില്‍ എപ്പോഴും പൂത്തുനില്‍ക്കുന്നു.
വെടിവെട്ടം.
മുറുക്ക്‌
ശ്ലോകങ്ങള്‍.....
യാത്രകള്‍...സംവാദങ്ങള്
‍എപ്പോഴും ജയം മേഴത്തൂരിലേക്ക്‌ മഞ്ചലേറി വന്നു.

പേരും പെരുമയും കേരളക്കരയും കടന്ന് കാവേരിക്കരയോരത്തെത്തി.
കാവേരിനദി ഇളകിമറിയുകയാണ്‌.
തന്റെ സാന്നിധ്യത്തിനുമാത്രമെ കാവേരിയെ ശാന്തമാക്കാനാകൂയെന്ന് ജ്യോതിഷികള്‍ വിധിച്ചു.
കാവേരിരാജനും കൊട്ടാരവാസികളും നാട്ടുക്കാരും നദിക്കരയില്‍ തടിച്ചുകൂടി.
ഒരു പുരുഷാരം മുഴുവനും നോക്കി നില്‍ക്കെ ബ്രഹ്മദത്തന്‍ തിരുമേനികാവേരിയുടെ ആഴകയങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നു.
നദി ശാന്തമായി..
കാവേരിരാജന്റെ കണ്ണുകളില്‍നിന്ന് ആനന്ദാശ്രുക്കള്‍ പൊടിഞ്ഞു..
എല്ലാ പ്രാര്‍ത്ഥനകളും ഫലിച്ചു.

ഉപകാരമായി കാവേരിരാജന്‍സുന്ദരിയും ഋതുമതിയുമായ ഒരു തമിഴ്‌ യുവതിയെ തനിക്ക്‌ കല്ല്യാണം ചെയ്ത്‌ തന്നു.
തന്റെകൂടെ മേഴത്തൂരിലേക്ക്‌ കൂട്ടികൊണ്ടുവന്നു.അവര്‍ക്ക്‌ താമസിക്കാന്‍ പുതിയ മാളിക പണിതു.
ആദ്യത്തെ ഋതുമതിവിവാഹം.

ആചാരങ്ങള്‍ കിഴ്‌ മേല്‍ മറിഞ്ഞു.
പിന്നെ ആക്ഷേപങ്ങള്‍.
അപവാദങ്ങള്‍..
സമുദായത്തിന്റെ നീതിയുടെ ദണ്ഡ്‌ തനിക്കുമേല്‍ ഞാന്നുനിന്നു.
കുടുമ കെട്ടിവെച്ച ആ വയസ്സന്‍ നബുതിരിപറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴുങ്ങുന്നു...
"അതില്‍ അതിശയിക്കാനൊന്നുമില്ല-അതൊക്കെ തന്നെയല്ലെ പാരബര്യം.."
കൂട്ടച്ചിരികള്‍.
അവ കാതില്‍ വന്നലക്കുന്നു.

പാരബര്യത്തിന്റെ കാലടിപ്പാടുകള്‍ തേടിപ്പോകാതെ വയ്യ.
മൗനം വീണവഴിത്താരകളിലെവിടെയോ സത്യം മറഞ്ഞിരിപ്പുണ്ട്‌.
കണ്ടെത്തുക തന്നെ ചെയ്യും.
ഇരിക്കണമ്മമാരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്‌ ഒരാള്‍ മാത്രം.
ജരാനരകളില്‍ നിന്നു ഓര്‍മ്മകളെ അടര്‍ത്തിയെടുത്ത്‌ ആ സത്യം താനറിഞ്ഞു.
മൂടിവെക്കപ്പെട്ട തന്റെ സ്വത്വം.

ഒരു പറയിപ്പെണ്ണിന്റെ ഉദരത്തില്‍ പിറക്കേണ്ടിവന്ന ജന്മം.
ഉപേക്ഷിക്കപ്പ്പ്പെട്ടവന്‍.
അനാഥന്‍.
ആശ്രിതന്‍.
നഗര മദ്ധ്യത്തില്‍ ഉടുത്തുണി അഴിഞ്ഞു വീണവനെപ്പോലെ നിന്നു.
ഇല്ല.
നാടിന്റെ ഉടയോന്‍ ഇപ്പോഴും താന്‍ തന്നെയാണ്‌.
അതില്‍ മാറ്റം വന്നുകൂടാ.....
മനയുടെ സബത്തും ദ്രവ്യങ്ങളും മുഴുവനും നശിച്ചാലും ശരി.
ഈ അപകീര്‍ത്തി മാറ്റണം.
മാറ്റും.

ഇരുളടഞ്ഞ വഴിയില്‍ പോംവഴിതേടിയലഞ്ഞു..
ഒടുവില്‍ കാതില്‍ തമിഴ്‌ കലര്‍ന്ന് മലയളത്തില്‍ മൊഴിഞ്ഞു.'
ഇങ്കേ യ്യാരും യാഗം ശെയ്തിട്ടില്ല.നിങ്ക പെരിയ കാര്യങ്ങള്‍ ശെയ്യ്‌.പെരിയ വാര്‍ത്തകള്‍ ഉണ്ടാക്കുക..."

യാഗം നടത്തുക.
ഒന്നല്ല.പറ്റുമെങ്കില്‍ അനവധി.
പരദൂഷണ ശബ്ദങ്ങള്‍ക്കുപകരം യാഗ മന്ത്രങ്ങള്‍ കൊണ്ട്‌ മുകരിതമാകട്ടെ മേഴത്തൂരിന്റെ ഇടവഴികള്‍.
ആകാശം യാഗധൂമങ്ങള്‍ കൊണ്ട്‌ നിറയട്ടെ.
കാറ്റ്‌ അവ വിദൂരദേശങ്ങളില്‍ കൊണ്ടുച്ചെന്ന് പറത്തട്ടെ......

യാഗത്തിന്റെ മേല്‍നോല്‍ട്ടം വഹിക്കാന്‍ ആഴ്‌വാഞ്ചേരിയെ ക്ഷണിച്ചുകൊണ്ടുള്ള ഓല തന്റെ കൈകൊണ്ടു തന്നെ തയ്യാറാക്കി.
ദൂതന്‍ അതുമായി പടിയിറങ്ങി.
കാറ്റ്‌ നിലച്ചു.
പാടം ഇപ്പോള്‍ ശാന്തമാണ്‌.
അഗ്നിഹോത്രം എപ്പോള്‍ വേണമെങ്കിലും തുടങ്ങാം......

1 Comments:

Blogger ഗിരീഷ്‌ എ എസ്‌ said...

നന്നായിരിക്കുന്നു...
അന്ധതയെ കീഴടക്കാന്‍
യാഗാഗ്നികള്‍ തെളിയേണ്ടിയിരിക്കുന്നു....

5:49 AM  

Post a Comment

<< Home