Wednesday, February 28, 2007

പ്രണയം നുകര്‍ന്ന്.......
കുറുങ്ങാടന്‍ കുന്നിന്റെ ചെരുവിലെ,ഞാവല്‍മരങ്ങള്‍ക്കിടയിലൂടെ
തന്റെ ജരാനരകളെയും അവശതകളെയും മറികടന്ന്
രാവുണ്ണിമാഷ്‌ അതിവേഗത്തില്‍ കുന്നുകയറുകയാണ്‌.
വാറ്റുചാരായത്തിന്റെ മദിപ്പിക്കുന്ന ഗന്ധം രാവുണ്ണിമാഷിന്റെ സിരകളില്‍ പ്രലോഭനത്തിന്റെ ഒരു ചുഴലിതന്നെ സൃഷ്ടിച്ചിട്ടുണ്ട്‌.
നല്ല നെല്ലില്‍ വാറ്റിയെടുത്ത സാധനം.
രണ്ടു ഗ്ലാസ്‌ വാങ്ങി കണ്ണിറുക്കി ഒറ്റവലിക്ക്‌ കുടിചുതീര്‍ത്ത്‌ ഒരു കാട്ടുതാറാവിനെപ്പോലെ കുറുങ്ങാടന്‍ കുന്നിന്റെ നിറുകയിലേക്ക്‌ അയാള്‍ നടന്നു.
കുറുങ്ങാടന്‍ കുന്നിന്‌ താഴെ വിശാലമായ മണ്ടായിപ്പാടം കൊയ്ത്ത്‌ കഴിഞ്ഞ്‌ കിടക്കുന്നു.പാടത്തിനരികില്‍ കോഴികചവടക്കാരന്‍ പോക്കറിന്റെ വാഴകൃഷി.അതിനുമപ്പുറം-ഭാരതപ്പുഴ ഒരു ക്ഷയരോഗിയെപ്പൊലെ തളര്‍ന്ന് കിടക്കുന്നത്‌,തെല്ലൊരു നെടുവീര്‍പ്പോടെ അയാള്‍ നോക്കി നിന്നു.
തന്റെ ജാതകം നോക്കിയ കണിയാന്‍ തന്നെയാണോ പുഴയുടെയും നോക്കിയത്‌ ?. രണ്ടുപേരും ഒരുഗതിയുമില്ലാതെ ഈ നാട്ടിലൂടെ അലയുകയാണ്‌.
കാലത്തിന്റെ ഗതിവിഗതികളില്‍ എന്ത്‌ പുഴ? ഏതു രാവുണ്ണി?
വെറുതെ ഓരോന്നും ഓര്‍ത്തു.
കുറുങ്ങാടന്‍ കുന്നിനു മുകളില്‍; ഇരതേടിപ്പോയ കാക്കള്‍ കൂട്ടത്തോടെ കൂടുംതേടി പറന്ന് പോവുകയാണ്‌-ഓരോരുത്തര്‍ക്കും ഒടുവില്‍ എത്തിചേരാന്‍ ഒരിടമുണ്ട്‌.
തനിക്കോ?..........

അകലെ കൂട്ടക്കടവ്‌ പള്ളിയില്‍നിന്ന് ബാങ്ക്‌ വിളി രാവുണ്ണിമാഷിന്റെ കാതില്‍ വേദനയോടെ എത്തി.ഗള്‍ഫ്‌ നാടുകളില്‍ ഒരു പക്ഷെ ഇപ്പോള്‍ എല്ലാവരും പ്രാര്‍തനയിലായിരിക്കും.
"എല്ലാവരും പ്രാര്‍ത്തിചുകൊണ്ടിരിക്കുംബോള്‍,ദേവൂ നീ എന്താ ചെയ്യാ?...നമ്മുടെ പുല്യാണ്ണിക്കാവിലെ വിളക്കും മാലയും,പുഷ്പാഞ്ജലി,നിവേദ്യം
അങ്ങനെ എന്തൊക്കെ വഴിപാടുകള്‍ .....ആരുടെയൊക്കെ പേരില്‍.....
കാലം ആരുടെയും വഴിപാടു സൂക്ഷിപ്പുക്കാരനല്ല.
പക്ഷെ, പറ വെച്‌ കാത്തിരിക്കുന്ന ഒരു ഗൃഹനാഥനാണ്‌.
രാവുണ്ണിമാഷിന്റെ ഓര്‍മ്മകള്‍ കുറുങ്ങാടന്‍ കുന്നിന്റെ ചെരുവില്‍ അലസമായ്‌ മേഞ്ഞു നടന്നു.
സന്ധ്യനേരത്ത്‌ വീടണയുന്ന പശുക്കളെപ്പ്പ്പോലെ ഒടുവില്‍ അവ കോതചിറ ഹൈ സ്കൂളിന്റെ ക്ലാസ്സുമുറികളില്‍ കയറിനിന്നു.

"ആ മരത്തെ നോക്കൂ.. നമ്മള്‍ അവയെപ്പോലെയാകണം.നാടിന്റെ നാനാഭാഗത്തേക്കും നോക്കിനിന്ന് തനിക്ക്‌ ആവശ്യമുള്ളത്‌ മാത്രം എടുത്ത്‌, കൊടുക്കുവാനുള്ളത്‌ കൊടുത്തും അങ്ങനെ തലയുയര്‍ത്തി നില്‍ക്കുക.."
രാവുണ്ണിമാഷിന്റെ വേദാന്തം.
സോഷ്യല്‍ സയന്‍സ്‌ ക്ലാസ്സുകള്‍ക്കിടയില്‍ മാഷ്‌ തത്വജ്നാനം ഇടവിളയായ്‌ നട്ടു.നനചു.
അങ്ങനെയിരിക്കെ-
എന്നോ ഒരു നാലുമണിക്ക്‌ ചരിത്ര പുസ്തകം അടച്‌ വര്‍ത്തമാനകാലത്തിന്റെ പടിപ്പുരയിലേക്ക്‌ കാലെടുത്ത്‌ വെക്കുംബോഴാണ്‌ രാമ മംഗലത്ത്‌ കുഞ്ഞുണ്ണി നായരുടെ മകള്‍ ദേവകി -
ശരിക്കും ഒരു ദേവിയെപ്പോലെ- രാവുണ്ണിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌.
ചരിത്ര പുസ്തകത്തിലെ താജ്‌ മഹല്‍ ഒരിക്കല്‍ കൂടി വെട്ടിത്തിളങ്ങി.
പിന്നിട്‌ ഷാജഹാന്‍ ചരിത്ര താളുകളില്‍ നിന്ന് ഇറങ്ങി കുണ്ടൂളി ദേശത്തിലൂടെ അലഞ്ഞ്‌ തിരിഞ്ഞ്‌ നടന്നു.
പ്രണയത്തിന്റെ ആയിരം നറും നിലാവുകള്‍ വിരിഞ്ഞു.
എങ്ങും എപ്പോഴും സുഗന്ധം.

"കയ്യും കാലും വെട്ടി പൊഴെല്‌ ഒഴുക്കും രണ്ടിനെയും "
രാമ മംഗലത്ത്‌ തറവാട്ടില്‍ കുഞ്ഞുണ്ണി നായര്‍ ഛിന്നം വിളിചു.
കുണ്ടൂളി ദേശം വിറചു നിന്നു.
എങ്ങും നിശബ്ദത.
കുമാരന്‍ മാത്രമാണ്‌ ധീരനായ്‌ പുറത്തിറങ്ങിയത്‌.
"കുമാരാ........രാമ മംഗലത്ത്‌ തറവാടിന്റെ ഓടിളക്കി,ദേവകിയെ കാണിചു തന്ന ചങ്ങാതി നീ എവിടെ?.........."
രാവുണ്ണി തേങ്ങി കരഞ്ഞു.

പാവം കുമാരന്‍.
കുറുങ്ങാടന്‍ കുന്നിന്റെ പടിഞ്ഞാറെചെരുവിലെ, ഓലമേഞ്ഞ വീടിന്റെ പിറകില്‍ ആ വലിയ പ്ലാവിനടുത്ത്‌ സുഖമായി ഉറങ്ങുകയാണ്‌.
ഉണര്‍ന്നിരിക്കുന്നവന്റെ വേദനകള്‍ ആരറിയുന്നു.
ഉണര്‍ന്നിരിക്കാന്‍ വയ്യ കുമാരാ!..........
ഒളിക്കാന്‍ ശ്രമിചാലോ-
ചരിത്രത്തിന്റെ ഗുഹകള്‍ ഓരോന്നയി അടഞ്ഞുപോവുകയാണ്‌.അതോ അടക്കുകയാണോ?

"അമ്മയെ ഇപ്രാവശ്യം ഞങ്ങള്‍ കൊണ്ടുപോകും.കുറെ കാലം ഒരുമിച്‌ കഴിഞ്ഞതല്ലെ.അവിടെയാണെങ്കില്‍ ഒരാളെയും കിട്ടാനില്ല."
മൂത്ത മകള്‍ ഗൗരി പണ്ടെ കണിശക്കാരിയാണ്‌.
മറുത്തൊന്നും പറഞ്ഞില്ല.
ഗ്ലൊബലൈശേഷന്‍ കാലത്തെ മാനേജ്‌ മെന്റ്‌ തിയറികളൊന്നും രാവുണ്ണിമാഷിന്‌ അറിയില്ല.
പടിയിറങ്ങി പോവുബോള്‍ ദേവു തിരിഞ്ഞ്‌ നോക്കിയില്ല.അതു നന്നായി.അവളുടെ കലങ്ങിയ കണ്ണുകള്‍ കണേണ്ടി വന്നില്ലല്ലോ.
അന്ന് രാത്രി നേരം വെളുപ്പിക്കാന്‍ രവുണ്ണി മാഷ്‌ നന്നെ പാടുപ്പെട്ടു.
ഷാജഹാന്‍ നിസ്സഹായനാണ്‌.എന്നും.എവിടെയും.
ചരിത്രം അവസാനിക്കാനുള്ളതല്ല.

ചാരായം മണക്കുന്ന കുറുങ്ങാടന്‍ കുന്നിന്റെ ചെരുവിലെ ഞാവല്‍ മരങ്ങളുടെ ഇടയിലേക്ക്‌ രവുണ്ണി മാഷ്‌ എത്തിപ്പെടുന്നതിന്റെ ചരിത്രം ഇങ്ങനെയാണ്‌ തുടങ്ങുന്നത്‌.

പിന്നെ പിന്നെ നിലാവുള്ള രാത്രികളില്‍ അജ്നാതമായ ദേശങ്ങളില്‍ നിന്ന് കുമാരന്‍ ഇറങ്ങി വരും-
ഏറെനേരം അവര്‍ സംസാരിചിരിക്കും.കളിയും വെടിവെട്ടവുമായി നേരം വേളുപ്പ്പ്പിക്കും.ചിലപ്പോള്‍ അവര്‍ ദേവകിയെതേടിയിറങ്ങും.

പുരപ്പുറത്ത്‌ കയറിയിരിക്കുന്ന രവുണ്ണിമാഷിനെ കാണാന്‍ കുണ്ടൂളി ദേശം മുഴുവനും ഓടിക്കൂടി.
"ഈ വയസ്സുക്കാലത്ത്‌ ഇയാള്‍ക്കിത്‌ എന്തിന്റെ കേടാ?"
"മാഷിന്‌ നല്ല സുഖല്ല്യാന്നാ തോന്നുന്നത്‌!"
"ന്നാലും എങ്ങനാ ഇയാള്‍ പെരപ്പുറത്ത്‌ കയറിപ്പറ്റിയത്‌?"

നാട്ടുക്കാര്‍ക്ക്‌ പരിഹാസവും ആകാംക്ഷയും അടക്കാന്‍ കഴിഞ്ഞില്ല.

കുറുങ്ങാടന്‍ കുന്നിന്റെ പടിഞ്ഞാറെ ചെരുവില്‍ നിന്ന് കുമാരന്‍ കോണിയുമായി വന്നതൊന്നും ആര്‍ക്കും അറിയില്ലല്ലോ.
മാഷ്‌ ആരോടും ഒന്നും പറയാനും പോയില്ല.

ഒടുവില്‍ ഫയര്‍ ഫോഴ്‌സ്‌ വന്നാണ്‌ രാവുണ്ണിമാഷിനെ താഴെ ഇറക്കിയത്‌
.ഷാജഹാന്‍ തടവറയില്‍ ഒരു മെരുകിനെപ്പ്പ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു..............
ഇലകള്‍ കൊഴിഞ്ഞ്‌,
ചില്ലകള്‍ അടര്‍ന്ന് മരങ്ങള്‍ എങ്ങും ഉണങ്ങി നില്‍ക്കുകയാണ്‌.
നാട്ടുവഴികളില്‍ ഇരുട്ട്‌ മെല്ലെ അരിചെത്താന്‍ തുടങ്ങി.
കുറുങ്ങാടന്‍ കുന്നിന്റെ ചെരുവിലെ ഞാവല്‍ മരങ്ങള്‍ക്കിടയില്‍
പചപ്പിന്റെ നെരിയ ശേഷിപ്പ്‌ അവശേഷിപ്പിച്‌ കൊണ്ട്‌ രവുണ്ണിമാഷ്‌ സ്വപ്നാടനത്തിലേക്ക്‌ വഴുതി വീണു.

അടുത്ത പ്രഭാതത്തില്‍ഇരതേടി കിഴക്കോട്ടു പറന്ന കാക്കകള്‍
കുറുങ്ങാടന്‍ കുന്നിനുമുകളില്‍ വട്ടമിട്ട്‌ പറന്നു.
അവ അവയുടെ ഇണകളെ ആര്‍ത്തു വിളിചുകൊണ്ടിരിന്നു...........

3 Comments:

Blogger ഇട്ടിമാളു അഗ്നിമിത്ര said...

കോതചിറയും പുല്ലാണിക്കാവും .. എന്താ ഇപ്പൊ ... ചോദിക്കാ...?

2:56 AM  
Blogger G.MANU said...

:)

8:24 PM  
Blogger Unknown said...

നിളയോരം,
നല്ലൊരു കഥ വായിച്ച തൃപ്തി തന്നു.


ബൂലോകത്ത് ഇത്തരം നല്ല സൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കഷ്ടമാണ്.

10:13 PM  

Post a Comment

<< Home