ഭുരാ മാനവ് ഛെ !
സുകുമാരന്‍ ഒഴുകുന്ന പുഴപ്പോലെയാണ്.
എവിടെയും നില്‍ക്കാതെ മുന്നോട്ടു മാത്രം നോക്കി ഉല്ലസിചും ചിരിചും മുന്നോട്ട്.
അയാള്‍ക്ക് ജീവിതം ആകാശത്തിനു താഴെയുള്ള അജ്നാതമായ ദേശങ്ങള്‍ താണ്ടിയുള്ള യാത്രയാണ്.
ഈ സുകുമാരന്‍ ഞങ്ങളുടെ ഓഫീസില്‍ വന്നിട്ട് ഏതാണ്ട് ഒരു കൊല്ലമായികാണും.
സുകുമാരന്‍ വന്നു കയറിയ അന്നുതൊട്ട് കേള്‍ക്കാന്‍ തുടങ്ങിയതാണ് അയാളുടെ യാത്രാവിവരണങ്ങള്‍-നമ്മുടെ എസ്.കെ.പൊറ്റക്കാട് വരെ തോറ്റുപ്പോവും.
അയാളുടെ മനസ്സില്‍ സ്ഥലങ്ങളും സംഭവങ്ങളും മാത്രമെ ഉള്ളു.
"താന്‍ ഉള്ള പൈസയെല്ലാം കൂട്ടിവെച് അവസാനം വല്ല കള്ളന്മാരും കൊണ്ടുപോകും. അതുകൊണ്ടാ ഞാന്‍ പറയുന്നത്,നമ്മുക്ക് ഈപ്രവശ്യം ഗാങ് ടോക് വരെ പോകാം-അതും കുടുംബസമ്മേതം..പുതിയ സ്ഥലങ്ങള്‍,ആളുകള്‍,സംഭവങ്ങള്‍ അങ്ങനെയീ ജീവിതം തന്നെ പുതുമ നിറഞ്ഞതാവും-ജീവിതത്തിന് മൊത്തത്തില്‍ ഒരു വാര്‍ണിഷ് അടിക്കല്‍-എന്തു പറയുന്നു ?"
ജീവിതം തുരുംബ് പിടിക്കുന്നു എന്ന തോന്നല്‍ ഇല്ലാതല്ല.
ഒരു ചെറിയ ഇട്ടാവട്ടത്തില്‍, അതിന്റെതായ ആകുലതകള്‍ക്കിടയില്‍ ഞരങ്ങുക-അലറുക-ഒടുവില്‍ മൗനത്തിന്റെ വല്മീകങ്ങളില്‍ അഭയം തേടുക- സാധാരണക്കാരന്റെ തലെലെഴുത് ഇങ്ങനെയൊക്കെയാണ്.
സുകുമാരന്റെ മുഖത്ത് നോക്കിയൊന്നു ചിരിചു.
പതിവുപോലെ.
പിന്നിട് പതുക്കെ മനസ്സില്‍ പറഞ്ഞു:സുഹൃത്തെ ഈ ജോലി-വട്ടത്താണ്ണിയില്‍ ചാത്തുവിന്റെ മകന് ദൈവം തന്ന ഏണിയാണ്.ഇതിലൂടെ വേണം തന്റെ വരും തലമുറക്ക് ചവിട്ടി കയറാന്‍.
ഇല്ല.
പുറത്തെക്കൊന്നും പറഞ്ഞില്ല.
എങ്കിലും മനസ്സ് വട്ടത്താണിയിലേക്ക് പറന്നു.
വട്ടത്താണിയില്‍ ചാത്തു.എന്റെ അഛന്‍ മാംബുള്ളി നായര്‍ തറവാടിന്റെ ആശ്രിതനായിരുന്നു.ആശ്രിതനെന്നുപറഞ്ഞാല്‍-പറബു കിളക്കുക,പശുക്കളെ നോക്കുക,അങ്ങാടിയില്‍ പോവുക....തുടങ്ങി ഏല്ലാ ജോലികളും.
ജീവിതം തുടങ്ങുന്നതും ഒടുങ്ങുന്നതും ഏല്ലാം മാംബുള്ളി വീടിനെ ചുറ്റിപ്പറ്റിയാണ്.
ഒരു നോട്ടു പുസ്തകത്തിനും പേനക്കുമെല്ലാം അഛനോട് കരയണം.
"കാശിന്റെ കാര്യം അനക്ക് അറിയില്ല.ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം.പൈസ മഹാ ലക്ഷ്മിയാണ്.മഹാലക്ഷ്മിയെ അവമാനിക്കരുത്"..
ഇങ്ങനെ ഒരു പ്രസ്താവനയോടെ പൈസ തരും.
"എന്താ ആലോചിചിരിക്കുന്നത്?-ചായ തണുത്തുപോയലോ."
യു.ഡി.ക്ലാര്‍ക്ക് മാധവനാണ്.
ഓ.ഒന്നുമില്ല...വെറുതെ."
യാത്രകള്‍.
സുകുമാരന്‍ പറഞ്ഞത് ശരിയാണ്.മനുഷ്യജീവിതം യാത്രകളുടെ പരംബരയാണ്.
ഭൂതകാലത്തില്‍നിന്നു വര്‍ത്തമാനത്തിലേക്ക്-
പിന്നെ എങ്ങോട്ടിന്നില്ലാത്ത യാത്രകള്‍.അവസാനമില്ലാത്ത യാത്ര.ഇതു തുടരുകത്തന്നെ ചെയ്യും.
ഞാന്‍"കുടുംബപുരാണാ"ത്തിലെ ബാലചന്ദ്ര മേനോനാണ് എന്നാണ് ഭാര്യ പറയാറുള്ളത്.
ശരിയാണ്.
ഈ പിശുക്ക് എനിക്ക് പാരബര്യമായി കിട്ടിയതാണ്.
"ആട് എന്ത് അങ്ങാടി അറിയും-കോഴി എന്ത് കോയിക്കോട്ടറിയും"
അഛന്‍ പണ്ട് പറയാറുള്ള പഴംചൊല്ലിന്റെ പൊരുള്‍ ഇപ്പോഴണ് ശരിക്കും പിടിക്കിട്ടിയത്.
ഭാര്യയോട് തര്‍ക്കത്തിനൊന്നും പോയില്ല.
ഒരു യാത്ര പോകാന്‍ തന്നെ തിരുമാനിചു.
സുകുമാരന്‍ തന്നെയാണ് യാത്രക്കുള്ള ഏല്ലാ ഏര്‍പ്പാടുകളും ശരിയാക്കിയത്.
"ഇവിടെ നിന്ന് ചെന്നൈ മെയിലില്‍ നേരെ പാലക്കാട്-അവിടെ നിന്ന് കൊചിന്‍ ഗുവാഹട്ടിയില്‍ കല്‍ക്കട്ട വഴി ന്യു ജല്‍പാല്‍ഗുരി.പിന്നെ റ്റാക്സീയില്‍ ഗാങ് ടോക്ക്."
യാത്രയുടെ ചെറിയ പ്ലാന്‍ അയാള്‍ വിവരിചു തന്നു.
ബിമല്‍ മിത്രയുടെ നോവലുകള്‍ തേടി പിടിചു വായിചിരുന്ന കോളേജ് കാലത്തിലെ തോന്നിയതാണ് ബംഗാള്‍ കാണണമെന്ന മോഹം.
ഒരു മോഹവും ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.
സുകുമാരനും ഭാര്യയും അവരുടെ രണ്ടു കുട്ടിക്കളും,യു.ഡി.ക്ലാര്‍ക്ക് മാധവനും കുടുംബവും-പിന്നെ ഞങ്ങളും.
യാത്ര തുടങ്ങി.
പാട്ടും ബഹളവുമായി കുട്ടികള്‍ ട്രെയിനില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുകയാണ്.
പേരറീയാത്ത കുന്നുകള്‍.
വിശാലമായ നെല്‍ വയലുകള്‍ചില്‍ക തടാകം
മണ്‍കുടിലുകള്‍-
ദരിദ്രരായ മനുഷ്യ കോലങ്ങള്‍.......
ഇവയെല്ലാം പിന്നിലാക്കി തീവണ്ടി ഞങ്ങളെയും വലിചു കൊണ്ട് ബംഗാളിന്റെ വിപ്ലവ മണ്ണിലേക്ക് പാഞ്ഞു.
ഹവ്വുറ സ്റ്റെഷനില്‍ വെറുതെ ഒന്നിറങ്ങി.
ബംഗാളിന്റെ മണ്ണ്‍ തൊട്ടു.സന്തോഷമായി.
ന്യു ജല്‍പാല്‍ ഗുരിയിലെത്തുംബോള്‍ നേരം വെളുത്തിരുന്നു.
സുകുമാരനും മാധവനും കുടുംബങ്ങളെയെല്ലാം എന്നെ എല്‍പ്പിചിട്ട് റ്റാക്സി വിളിക്കാന്‍ പോയി.
ന്യു ജല്‍പാല്‍ ഗുരിയെ വെറുതെ ഒന്നു നോക്കി-
അപരിചിതരായ മനുഷ്യര്‍,
വേഷങ്ങള്‍,
കലപില കൂട്ടുന്ന കാക്കകള്‍.,
കാറ്റില്‍ ദുര്‍ഗന്ധം.....
റ്റാക്സിയില്‍ പിന്നീട് അങ്ങോട്ട് മലക്കയറ്റമായിരുന്നു.
കുത്തനെയും,വളഞ്ഞും തിരിഞ്ഞും ഒരു യാത്ര.
പശ്ചാത്തലത്തില്‍ ഏതോ നേപ്പാളി ഗാനവും.-
താഴെ താഴ്‌വരയിലൂടെ ഒരു നദി ഒഴുകുന്നു-കലങ്ങിയും തെളിഞ്ഞും.
മാധവന്റെ പഴയ ഒരു സുഹ്രുത്ത് ഗാങ്ങ് ടോക്കില്‍ താമസിക്കുവനുള്ളസൗകര്യം ഒരുക്കിയതിനാല്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
ഗാങ്ങ് ടോക്ക് പഴയക്കാല ഇംഗ്ലണ്ടിലെപ്പോലെ തോന്നി.
വേഷം,ഭാഷയെല്ലാം സായിപ്പിന്റെതു തന്നെ.
രണ്ടുമൂന്നു ദിവസം സിക്കിം മൊത്തത്തില്‍ ഒന്നു കറങ്ങി:ഗാങ് ടോക്ക്,
ഡാര്‍ജീലിംഗ്,
റാണിപ്പൂള്‍,
പാക്യോങ്ങ്....
യാത്രയുടെ ഏറ്റവും അവസാനമാണ് ഞങ്ങള്‍ നതുലാ പാസ്സ് കാണുവാന്‍ തിരുമാനിചത്.
നതുലാ പാസ്സ്-
ഇന്ത്യാ-ചൈനാ അതിര്‍ത്തി, പതിനാലായിരം അടി ഉയരത്തില്‍ സ്ഥിതിചെയുന്നത്.
മഞ്ഞുകള്‍ക്കിടയിലൂടെ മുകളിലോട്ട്....
ചെങ്കുത്തായ കുന്നുകള്‍,
വെള്ളചാട്ടങ്ങള്‍,
യാക്കുകള്‍..
പിന്നെ പതിനാലായിരം അടി ഉയരത്തില്‍ ഒരു തടാകവും-ശങ്ഗു ലൈക്ക്.
ശങ്ഗു ലൈക്കില്‍നിന്ന് നാതുലായിലെക്ക് പോകുന്ന വഴിക്കുവെച് പട്ടാളക്കാര്‍ ഞങ്ങളുടെ വണ്ടി തടഞ്ഞു.മിലിട്ടിറിയുടെ പ്രത്യേക പാസ്സ് വേണം നാതുലായിലേക്ക് എന്നുറിയിചു-"എങ്കില്‍ നമ്മുക്ക് കുപ്പുപ്പിലേക്ക് പോകാം-ബാബ മന്ദിരവും കാണാം "
മാധവന്റെയാണ് നിര്‍ദേശം.
പതിനാലായിരം അടി ഉയരത്തില്‍ മേഘങ്ങള്‍ക്കിടയിലുള്ള ഒരു ചെറിയ ഗ്രാമം.
അതാണ് കുപ്പുപ്പ്.
തൊട്ടടുത്ത് ബാബ മന്ദിരവും.
എല്ലാവരും വണ്ടിയില്‍നിന്ന് ഇറങ്ങി.മന്ദിരത്തിലേക്കും മറ്റ് കടകളിലേക്കുമായി.
ഞാനും സുകുമാരനും മാധവനുംകൂടി ഒരു ചെറിയ ബാറില്‍ കയറി,ഒന്നു രണ്ടണം പിടിപ്പിച് പുറത്തിറങ്ങി.
മേഘങ്ങള്‍ ഞങ്ങളെ തൊട്ടൊരുമ്മി കടന്നുപോയികൊണ്ടിരുന്നു.
അപ്പോഴാണ് എന്റെ കാല്‍ക്കിഴില്‍ കിടന്നിരുന്ന തിളങ്ങുന്ന അമ്പത് പൈസ കണ്ടത്.
ഞാന്‍ അതെടുത്ത് പോക്കറ്റില്‍ ഇട്ടു.
സാവധാനം ഞങ്ങളെ കാത്തുനില്‍ക്കുന്ന റ്റാക്സിയുടെ അടുത്തേക്ക് നടന്നു.
പീടിക വരാന്തയില്‍ ഇരുന്നിരുന്ന നേപ്പാളി സ്ത്രികള്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടു.
"ഭുരാ മാനവ് ഛെ "
താഴെ,
ചുട്ടു പഴുത്ത സമതലങ്ങളിലേക്ക്
ടാക്സി അതിന്റെ മടക്കയാത്ര തുടര്‍ന്നു.'
0 Comments:
Post a Comment
<< Home